ഓഗസ്റ്റ് 15, ഇന്ത്യൻ ജനതയുടെ ഐക്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിൽനിന്ന് നാം സ്വാതന്ത്ര്യം നേടിയെടുത്തത് യാദൃച്ഛികമായിരുന്നില്ല. ചെറുത്തുനിൽപ്പിന്റെയും ത്യാഗത്തിന്റെയും നിരവധി അധ്യായങ്ങൾ ചേർന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രം. 1947-ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യ വിട്ടുപോകുമ്പോൾ, അതൊരു മഹാപ്രവാഹത്തിന്റെ വഴിത്തിരിവായിരുന്നു. കേവലം ഒരു ഭരണമാറ്റം എന്നതിലുപരി, ഇന്ത്യ എന്ന രാഷ്ട്രം സ്വയംഭരണം നേടിയെടുത്തതിന്റെയും, ലോക ഭൂപടത്തിൽ ഒരു സ്വതന്ത്ര രാഷ്ട്രമായി ഉയർന്നുവന്നതിന്റെയും അഭിമാനനിമിഷമാണിത്. നാം നമ്മെത്തന്നെ ഭരിക്കുന്ന, സ്വന്തം ഭാവി നിർണ്ണയിക്കാൻ കഴിവുള്ള ഒരു ജനതയായി മാറിയ നിമിഷം.
ഒന്നാം സ്വാതന്ത്ര്യസമരത്തിന് മുൻപുള്ള പോരാട്ടങ്ങൾ
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ഒരു നാഴികക്കല്ലാണെങ്കിലും, അതിനു മുമ്പും ഇന്ത്യയിൽ ചെറുത്തുനിൽപ്പുകൾ ശക്തമായിരുന്നു. ബംഗാളിൽ നടന്ന സന്ന്യാസി, ഫക്കീർ കലാപങ്ങൾ, കിട്ടൂർ ചെന്നമ്മയും രായപ്പയും നയിച്ച കിട്ടൂർ പ്രക്ഷോഭം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഈ കലാപങ്ങൾ പ്രാദേശികമായിരുന്നെങ്കിലും, വിദേശാധിപത്യത്തിനെതിരെയുള്ള ജനവികാരത്തെയാണ് അവ സൂചിപ്പിച്ചത്.
വിജയത്തിന്റെ ആദ്യ ചുവടുകൾ ഇവിടെ നിന്നും!
ഗോത്ര - കർഷക കലാപങ്ങളുടെ ഊർജ്ജം
സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം പകർന്നത് ഗോത്രവർഗങ്ങളുടെയും കർഷകരുടെയും ചെറുത്തുനിൽപ്പുകളാണ്. സിദ്ദുവിന്റെയും കാനുവിന്റെയും നേതൃത്വത്തിൽ നടന്ന സാന്താൾ കലാപം, രാജ്‌മഹൽ കുന്നുകളിലെ പഹാരിയ കലാപം, കേരളത്തിൽ വയനാട്ടിൽ നടന്ന കുറിച്യകലാപം എന്നിവ ഗോത്രജനതയുടെ പോരാട്ടവീര്യം വിളിച്ചോതുന്നു. പണമിടപാടുകാരുടെയും തെറ്റായ നികുതി നയങ്ങളുടെയും ചൂഷണങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷകകലാപങ്ങളും ഈ വലിയ പോരാട്ടങ്ങൾക്ക് ശക്തിപകർന്നു.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം: 1857-ലെ വിപ്ലവം
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു നിർണായക അധ്യായമാണ് 1857-ലെ വിപ്ലവം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരെ ഇന്ത്യൻ സൈനികരും സാധാരണക്കാരും നടത്തിയ ഈ സായുധകലാപം ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലിനും ചൂഷണത്തിനും എതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനമായിരുന്നു അത്.
വിപ്ലവത്തിന്റെ പ്രധാന കാരണങ്ങൾ
- ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ‘ദത്തവകാശനിരോധന നിയമം’ (Doctrine of Lapse), ‘സൈനികസഹായ വ്യവസ്ഥ’ (Subsidiary Alliance) തുടങ്ങിയ നയങ്ങൾ ഇന്ത്യൻ നാട്ടുരാജ്യങ്ങൾക്കെതിരായിരുന്നു. നാട്ടുരാജാക്കന്മാരുടെ പദവി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് അധികാരികൾ നടത്തിയ ഇത്തരം നയങ്ങൾ കാരണം രാജാക്കന്മാർ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു.
- ബ്രിട്ടീഷ് സർക്കാരിന്റെ സാമ്പത്തികനയങ്ങൾ ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും തകർത്തു. കനത്ത നികുതിയും അശാസ്ത്രീയമായ ഭൂനികുതിവ്യവസ്ഥകളും കർഷകരെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. ഇത് ജനങ്ങൾക്കിടയിൽ വ്യാപകമായ അസംതൃപ്തിക്ക് കാരണമായി.
- കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യൻ പട്ടാളക്കാർക്ക് (ശിപായിമാർ) ബ്രിട്ടീഷ് സൈനികരേക്കാൾ വളരെ കുറഞ്ഞ ശമ്പളവും മോശം ജീവിതസാഹചര്യങ്ങളുമാണ് ലഭിച്ചിരുന്നത്. ഇത് സൈനികർക്കിടയിൽ അതൃപ്തി ഉണ്ടാക്കി.
- ഇത്തരത്തിൽ വിയോജിപ്പുകളും എതിർപ്പുകളും നിലനിൽക്കെ സൈന്യത്തിൽ പുതുതായി അവതരിപ്പിച്ച എൻഫീൽഡ് തോക്കുകളാണ് വിപ്ലവത്തിന് തിരികൊളുത്തിയ പ്രധാനി. ഈ തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കിംവദന്തികൾ പരന്നു. ഇത് ഹിന്ദു, മുസ്ലിം സൈനികരുടെ മതചിട്ടകൾക്കെതിരായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും നിറയൊഴിക്കുകയും ചെയ്ത മംഗൽ പാണ്ഡേ എന്ന സൈനികനെ തൂക്കിലേറ്റിയത് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കാം.
- മീററ്റിൽ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഇത് ഡൽഹി, കാൺപൂർ, ലഖ്നൗ, ഝാൻസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
- മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിനെ വിപ്ലവകാരികൾ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ചു, ഝാൻസിയിൽ റാണി ലക്ഷ്മിഭായി ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടി, നാനാസാഹിബും അദ്ദേഹത്തിന്റെ സൈന്യാധിപൻ താന്തിയാ തോപ്പിയും കാൺപൂരിൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി, ലഖ്നൗവിൽ ബീഗം ഹസ്രത്ത് മഹൽ വിപ്ലവം നയിച്ചു.
- 1857-ലെ വിപ്ലവം ബ്രിട്ടീഷുകാർ അടിച്ചമർത്തിയെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കുകയും ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലാവുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തെ പുനഃസംഘടിപ്പിക്കുകയും ഇന്ത്യൻ ഭരണാധികാരികൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതരാവുകയും ചെയ്തു. ഈ വിപ്ലവം ഇന്ത്യക്കാരുടെ മനസ്സിൽ ദേശീയബോധം വളർത്തുകയും ഭാവിയിലെ സ്വാതന്ത്ര്യസമരങ്ങൾക്ക് പ്രചോദനമാവുകയും ചെയ്തു. 1857 മുതൽ 1947 വരെ വൈവിധ്യമാർന്ന പ്രക്ഷോഭങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു.
പി.എസ്.സി പരീക്ഷക്ക് തയ്യാറാകൂ ഇന്ന് തന്നെ
സമരമുറകളിലെ വൈവിധ്യം
ഇന്ത്യൻ സ്വാതന്ത്ര്യസമരം പല വഴികളിലൂടെയാണ് മുന്നേറിയത്. അഹിംസയിലധിഷ്ഠിതമായ സമരമുറകൾ ഒരു വശത്ത്, തീവ്രമായ പോരാട്ടങ്ങൾ മറുവശത്ത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സത്യാഗ്രഹങ്ങൾ, ബഹിഷ്കരണങ്ങൾ, നിരാഹാര സമരങ്ങൾ എന്നിവ ബഹുജനങ്ങളെ ഒന്നിപ്പിച്ചു. അതോടൊപ്പം, ഒളിപ്പോരുകളും നേരിട്ടുള്ള ആക്രമണങ്ങളും വിപ്ലവകാരികൾക്ക് ശക്തിപകർന്നു.
തീവ്രദേശീയവാദത്തിന്റെ പോരാട്ടവഴികൾ
- തീവ്രദേശീയവാദികൾ നേതൃത്വം നൽകിയ പോരാട്ടങ്ങളും ബ്രിട്ടീഷ് ഭരണകൂടത്തെ ഏറെ അസ്വസ്ഥമാക്കി. കാക്കോരി ഗൂഢാലോചന കേസ്, ചിറ്റഗോങ് ആയുധപ്പുര റെയ്ഡ്, സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ബോംബേറ് തുടങ്ങിയ സംഭവങ്ങൾ ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. ഈ സംഭവങ്ങളിലൂടെ വിപ്ലവകാരികൾ തങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പ് ഭരണകൂടത്തിന് മുന്നിൽ തുറന്നുകാട്ടി.
- നവ് ജവാൻ ഭാരത് സഭ, ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി, സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി എന്നിങ്ങനെയുള്ള സംഘടനകൾ സ്വാതന്ത്ര്യലബ്ധിയിൽ നിർണായക പങ്കുവഹിച്ചു. ഗാന്ധിജിയെപ്പോലുള്ള മിതവാദികളും സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള തീവ്രദേശീയവാദികളും ഒരേ ലക്ഷ്യത്തിനായി പല വഴികളിലൂടെ പൊരുതി മുന്നേറി.
- ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സംഘടനകളും ഈ മഹാമുന്നേറ്റത്തിൽ പങ്കെടുത്തു. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പാരീസ് ഇന്ത്യൻ സൊസൈറ്റിയും ജർമ്മനിയിലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റിയും ഇതിന് ഉദാഹരണങ്ങളാണ്. ഈ സംഘടനകൾ വിദേശ രാജ്യങ്ങളിൽ നിന്ന് സ്വാതന്ത്ര്യസമരത്തിന് പിന്തുണ നൽകി.
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാവുകയും നിരവധി പേർ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.
പി.എസ്.സി പരീക്ഷക്ക് തയ്യാറാകൂ ഇന്ന് തന്നെ
പോരാട്ടങ്ങളിൽ സ്ത്രീകളും കലയും
- സ്വാതന്ത്ര്യസമരം ഒരു പുരുഷ കേന്ദ്രീകൃത പോരാട്ടമായിരുന്നില്ല. ഝാൻസിയിലെ റാണി ലക്ഷ്മിഭായി, ബീഗം ഹസ്രത്ത് മഹൽ, കിട്ടൂർ ചെന്നമ്മ തുടങ്ങിയവർ ചരിത്രത്തിന്റെ ആദ്യകാലങ്ങളിലെ വെളിച്ചമായിരുന്നെങ്കിൽ, സരോജിനി നായിഡു, അരുണ ആസഫലി തുടങ്ങിയവരെ പോലുള്ള വനിതകൾ പിൽക്കാലത്ത് നേതൃത്വം നൽകി. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ആയിരക്കണക്കിന് സ്ത്രീകൾ ഈ പോരാട്ടങ്ങളിൽ പങ്കെടുത്തു.
- കലയും സാഹിത്യവും ഈ ദേശീയമുന്നേറ്റത്തിന് കരുത്തു നൽകി. അബനീന്ദ്രനാഥ ടാഗോറിന്റെ ‘ഭാരതമാതാ’, നന്ദലാൽ ബോസിന്റെ ‘ഗ്രാമീണ ചെണ്ടക്കാരൻ’ തുടങ്ങിയ ചിത്രങ്ങൾ ജനങ്ങളിൽ ദേശസ്നേഹം വളർത്തി. ടാഗോർ, സുബ്രഹ്മണ്യഭാരതി, വള്ളത്തോൾ തുടങ്ങിയവരുടെ രചനകളും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലും ദേശീയതയ്ക്ക് ആവേശം പകർന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ‘സാരേ ജഹാം സേ അച്ഛാ’ എന്ന ഗാനം ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ഒരുമയുടെ ശബ്ദമായി മുഴങ്ങി.
സ്വാതന്ത്ര്യത്തിലേക്കുള്ള മുദ്രാവാക്യങ്ങൾ
- “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (ഗാന്ധിജി), “ജയ് ഹിന്ദ്” (സുഭാഷ് ചന്ദ്രബോസ്), “ക്വിറ്റ് ഇന്ത്യ” (യൂസഫ് മെഹറലി) തുടങ്ങിയ മുദ്രാവാക്യങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കുകയും പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്തു.
- 1947 ഓഗസ്റ്റ് 14-ന് അർധരാത്രിയിൽ, ഭരണഘടനാ നിർമ്മാണ സഭയുടെ പ്രത്യേക യോഗത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപ്രസിദ്ധമായ ‘വിധിയുമായുള്ള കൂടിക്കാഴ്ച’ (Tryst with Destiny) എന്ന പ്രസംഗം നടന്നു. “നമ്മൾ വിധിയുമായി ഒരു കൂടിക്കാഴ്ച നടത്തി. ഭാഗികമായെങ്കിലും നമ്മുടെ പ്രതിജ്ഞകൾ നിറവേറ്റാനുള്ള സമയമാണിത്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. പിന്നീട് ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തുകയും, സ്വതന്ത്ര ഇന്ത്യയുടെ പിറവി ലോകം കണ്ടറിയുകയും ചെയ്തു.
- 1947 ഓഗസ്റ്റ് 15-ന് ലഭിച്ച സ്വാതന്ത്ര്യം, ഈ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും ഫലമാണ്. 1857 നു മുമ്പും ശേഷം 1947 വരെയും നടന്ന സുദീർഘമായ പോരാട്ടങ്ങളുടെയും മരണങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്. ഈ സ്വാതന്ത്ര്യദിന വാരത്തിൽ മഹാത്മാക്കളെയും ധീരരക്തസാക്ഷികളെയും ഓർമ്മിക്കുകയും ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്യാം.