സിനിമ എന്ന ദൃശ്യവിസ്മയം കേരളത്തിലെത്തുന്നതിനു വളരെ മുമ്പുതന്നെ പരമ്പരാഗത കലാരൂപമായ ‘തോൽപ്പാവക്കൂത്ത്’ (പാവകളി) വഴി ഇവിടത്തുകാർ സ്‌ക്രീനിലെ ചലിക്കുന്ന ചിത്രങ്ങളുമായി പരിചിതരായിരുന്നു. സാധാരണയായി ഗ്രാമക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ പ്രദർശിപ്പിക്കുന്ന ‘തോൽപ്പാവക്കൂത്ത്’ തുകൽകൊണ്ട് നിർമ്മിച്ച പാവകളെ വഴക്കമുള്ള സന്ധികളാൽ യോജിപ്പിച്ചായിരുന്നു ചലിപ്പിച്ചിരുന്നത്.
ചലിക്കുന്ന പാവകളുടെ നിഴൽ സ്‌ക്രീനിൽ പകർത്തുന്നതിലൂടെ നാടകീയമായ ചലിക്കും ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നു! ചെണ്ടപോലുള്ള പരമ്പരാഗത താളവാദ്യങ്ങളോട് കൂടിയ സംഭാഷണങ്ങളും ഗാനങ്ങളും ഉപയോഗിച്ച് പുരാണങ്ങളിൽനിന്നുള്ള കഥകളാണ് പറഞ്ഞിരുന്നത്. ക്ലോസ്-അപ്പുകൾ, ലോംങ്-ഷോട്ടുകൾ പോലുള്ള സിനിമയിൽ വ്യാപകമായി ഉപയോഗിക്കുന്ന ചില സാങ്കേതികവിദ്യകളാണ് തോൽപ്പാവക്കൂത്തിൽ ഉപയോഗിക്കുന്നത്.
നാടകങ്ങൾ, കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ നാടോടിക്കലകളും ക്ലാസിക്കൽ നൃത്തരൂപങ്ങളും വളരെ ഉയർന്ന ദൃശ്യഗുണങ്ങൾ പ്രകടിപ്പിച്ചിരുന്നു. കേരളത്തിന്റെ ദൃശ്യസംസ്കാരത്തിന്റെ ഈ പൈതൃകം, ഇന്ത്യയിലെ മറ്റേതൊരു സ്ഥലത്തേക്കാളും ലളിതമായ കഥപറച്ചിലിന് പകരം വ്യത്യസ്തമായ ഒരു രീതിയിൽ സിനിമയെ ഏറ്റെടുക്കാൻ മലയാളി ചലച്ചിത്രപ്രവർത്തകരെ പ്രേരിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശകനെന്ന് അറിയപ്പെടുന്നത് തമിഴ്നാട് സ്വദേശിയായ സ്വാമികണ്ണ് വിൻസെന്റ് ആണ്. അദ്ദേഹമാണ് ആദ്യമായി കേരളത്തിലും ആദ്യ സിനിമാപ്രദർശനം നടത്തുന്നത് (1906). കോഴിക്കോട് മുതലക്കുളം മൈതാനത്ത് പ്രദർശിപ്പിച്ച ‘ലൈഫ് ഓഫ് ക്രൈസ്റ്റ്’ ആയിരുന്നു ആ ആദ്യ ചിത്രം.
സ്വാമികണ്ണ് വിൻസെന്റിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് തൃശൂർ സ്വദേശിയായ വാറുണ്ണി ജോസഫ്, കേരളത്തിന്റെ പല പ്രദേശങ്ങളിലും സിനിമാ പ്രദർശനം നടത്തി. പിന്നീട് ഈ മേഖലയിലേക്ക് പലരും കടന്നുവരുകയും കേരളത്തിൽ എണ്ണമറ്റ സിനിമാസ്വാധകരുണ്ടാവുകയും ചെയ്തു. പലതരം കലകളാൽ സമ്പന്നമായ മലയാളമണ്ണിലേക്ക് വന്ന സിനിമ എന്ന കലയെ എല്ലാവരും അത്ഭുതത്തോടെയും ആകാംക്ഷയോടും നോക്കിക്കണ്ടു.
മലയാളസിനിമയുടെ ആരംഭം: ജെ. സി. ഡാനിയേലിൽനിന്ന് ബാലൻ വരെ!
വർഷങ്ങൾക്കപ്പുറമാണ് ആസ്വാദനത്തിൽനിന്ന് ആവിഷ്കാരത്തിലേക്ക് ഒരു മലയാളി കടക്കുന്നത്. 1928 ലാണ് മലയാളത്തിലെ ആദ്യ ചിത്രം വിഗതകുമാരൻ, ദന്ത ഡോക്ടറായ ജെ. സി. ഡാനിയേലിന്റെ രചനയിലും സംവിധാനത്തിലും നിർമാണത്തിലും പുറത്തിറങ്ങുന്നത്. ഇതിലുപരി ഈ നിശ്ശബ്ദ ചിത്രത്തിലെ പ്രധാന വേഷവും അദ്ദേഹം തന്നെ കൈകാര്യം ചെയ്തു. ജെ. സി. ഡാനിയേൽ ആദ്യ മലയാള സിനിമാ നായകനായപ്പോൾ, പി.കെ. റോസി ആദ്യ നായികയായി.
ശ്രീലങ്കയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ വിഗതകുമാരന്റെ നിർമ്മാണച്ചെലവ് 4 ലക്ഷം രൂപയായിരുന്നു. അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ചില വർഗിയപ്രശ്ങ്ങളാൽ സിനിമ വിജയിക്കാതെപോയി. ജെ. സി. ഡാനിയേൽ ആരാലും ശ്രേധിക്കപ്പെടാതെയും പോയി.
പിന്നീട് ജെ. സി. ഡാനിയേൽ മലയാളസിനിമയുടെ പിതാവായി ആദരിക്കപ്പെട്ടു, മാത്രമല്ല, 1992 മുതൽ മലയാളസിനിമയുടെ ഉന്നതപുരസ്‌കാരം ജെ.സി. ഡാനിയേൽ പുരസ്‌കാരം എന്ന് നാമകരണപ്പെട്ടു.
1933-ലാണ് അടുത്ത മലയാളചിത്രം മാർത്താണ്ഡവർമ്മ പുറത്തിറങ്ങിയത്. വിഗതകുമാരൻ പോലെത്തന്നെ ഇതും ഒരു നിശ്ശബ്ദചിത്രമാണ്. ആർ. സുന്ദർരാജ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പി. വി. റാവു എന്ന തമിഴ്നാട്ടുകാരനാണ്.
ഈ ചിത്രം സി. വി. രാമൻപിള്ളയുടെ അതേ പേരിലുള്ള ചരിത്ര നോവലിനെ അടിസ്ഥാനമാക്കിസൃഷ്ടിച്ചതാണ് . ഈ കാരണത്തെ തുടർന്ന് പകർപ്പവകാശവുമായി ബന്ധപ്പെട്ട് സിനിമയുടെ പ്രദർശനം നിർത്തിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴും ഈ സിനിമയുടെ പ്രിന്റ് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിട്ടുണ്ട് എന്നത് ശ്രേദ്ധേയമാണ്.
മാർത്താണ്ഡവർമ്മയുടെ പ്രദർശനകാലയളവിൽത്തന്നെയാണ് ശബ്ദമില്ലാ ഇന്ത്യൻ സിനിമയിലേക്ക് ആലം -ആരയിലൂടെ, അർദേശിർ ഇറാനിയുടെ സംവിധാനത്തിൽ ഒരു ശബ്ദചിത്രം കടന്നു വന്നത്. കൃത്യം 7 വർഷത്തിനു ശേഷം ബാലനിലൂടെ മലയാളസിനിമയും ശബ്‌ദിച്ചു.
ടി. ആർ. സുന്ദരത്തിന്റെ മോഡേൺ തിയേറ്റേഴ്സിന്റെ നിർമ്മാണത്തിൽ, എസ്. നൊട്ടാണി സംവിധാനം ചെയ്ത ബാലന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് മുതുകുളം രാഘവൻപിള്ളയാണ്. എ. സുന്ദരത്തിന്റെ “വിധിയും മിസിസ് നായരും” എന്ന ചെറുകഥ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഈ സിനിമയിൽ 23 ഗാനങ്ങളുണ്ട്, ഇവയ്ക്കായി തൂലിക ചലിപ്പിച്ചത് പ്രശസ്ത കവി ജി. ശങ്കരക്കുറുപ്പിയിരുന്നു.
ശബ്‌ദിക്കുന്ന മലയാളസിനിമാ ചരിത്രത്തിൽ എം. കെ. കമലവും കെ. കെ അരൂരും ആദ്യ നായികാനായകന്മാരായി ഇടംപിടിച്ചപ്പോൾ, ആലപ്പി വിൻസെന്റ് മലയാളസിനിമയിൽ ആദ്യ സംഭാഷണം നടത്തിയ നടനായി! ബാലൻ നേടിയ വൻ സാമ്പത്തികവിജയത്തിന്റെ അടിത്തറയിലാണ് മലയാളസിനിമാ വ്യവസായം വളർന്നത്.
PSC One-Liner Final Revision Sheet
- ആദ്യ മലയാളചിത്രം: വിഗതകുമാരൻ (1928)
- ആദ്യ ശബ്ദസിനിമ: ബാലൻ (1938)
- മലയാള സിനിമയുടെ പിതാവ് / ആദ്യ നായകൻ: ജെ. സി. ഡാനിയേൽ
- ആദ്യ നായിക: പി. കെ. റോസി
- ആദ്യ സംഭാഷണം നടത്തിയ നടൻ: ആലപ്പി വിൻസെന്റ്
- ദക്ഷിണേന്ത്യയിലെ ആദ്യ ചലച്ചിത്ര പ്രദർശകൻ: സ്വാമികണ്ണ് വിൻസെന്റ് (1906)
- രണ്ടാം മലയാളചിത്രം: മാർത്താണ്ഡവർമ്മ