അർധരാത്രി നേടിയ സ്വാതന്ത്ര്യവുമായി ഇന്ത്യ ഇരുട്ടിൽ തപ്പിയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്! അധിനിവേശത്തിന്റെ ഇരുൾവഴികൾ പിന്നിട്ട്, സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് കണ്ണുതുറന്ന ഭാരതം ലോകത്തിന് മുന്നിൽ സമർപ്പിച്ച ഏറ്റവും മഹത്തായ ജനാധിപത്യ ഉത്സവമായിരുന്നു 1951-52 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്.
കേവലം ഒരു രാഷ്ട്രീയപ്രക്രിയ എന്നതിലുപരി, നൂറ്റാണ്ടുകളോളം നിശ്ശബ്ദരാക്കപ്പെട്ട ഒരു ജനത തങ്ങളുടെ വിധി നിർണയിക്കാൻ നടത്തിയ വിശ്വാസപ്രകടനമായി ഇതിനെ കണക്കാക്കാം. അക്ഷരമറിയാത്ത കോടിക്കണക്കിന് മനുഷ്യർക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഇന്ത്യൻ നേതാക്കൾ ലോകത്തെ അമ്പരപ്പിച്ചു. ഹിമാലയത്തിലെ മഞ്ഞുപാളികൾ മുതൽ കന്യാകുമാരിയിലെ തിരമാലകൾ വരെ ആ ജനാധിപത്യ സ്പന്ദനം അലയടിച്ചു.
1948 ജൂലൈയിൽ രാഷ്ട്രനേതാക്കൾ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് നിയമങ്ങളൊന്നും നിലനിന്നിരുന്നില്ല.
ഈ സാഹചര്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംങ് കമ്മിറ്റി 2 വർഷവും 11 മാസവും 17 ദിവസവും നീണ്ട കഠിനാധ്വാനത്തിലൂടെ ഭരണഘടന തയ്യാറാക്കി. ഒരു സ്വതന്ത്ര രാജ്യത്തിന്റെ പുതിയ ഭരണഘടന എന്നതിൽ ഉപരി, ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന എന്ന പ്രത്യേകതയും, ഇന്ത്യൻ ഭരണഘടനയ്ക്കുണ്ടായി. സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ അടിത്തറയാക്കിയാണ്, അംബേദ്കർ ഭരണഘടന രൂപകൽപന ചെയ്തത്.
1949 നവംബർ 26-ന് ഭരണഘടന അംഗീകരിക്കപ്പെട്ടെങ്കിലും 1950 ജനുവരി 26-നാണ് പ്രാബല്യത്തിൽ വന്നതും ഇന്ത്യ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതും. അന്ന് ഇന്ത്യക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമങ്ങളും ഉപനിയമങ്ങളും ലഭിച്ചു.
ഇന്ത്യ എന്ന മഹത്തായ ജനാധിപത്യരാജ്യം സ്വാതന്ത്ര്യം നേടി 5 വർഷത്തിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 1951-ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. 1949 ൽ രൂപീകരിച്ച കമ്മിറ്റിയിലെ തീരുമാനപ്രകാരം സുകുമാർ സെൻ, 1950 മാർച്ച് 21-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മുഖ്യ ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റു.
ലോകജനസംഖ്യയുടെ ആറിലൊന്നുപേർ വോട്ട് ചെയ്യാൻ പോകുന്ന ഒരു വലിയ പ്രക്രിയയായിരുന്നു ഇന്ത്യയുടെ തിരഞ്ഞെടുപ്പ്, അക്കാലത്ത് ലോകത്ത് നടന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പായും ഇതു കണക്കാക്കപ്പെടുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിൽ സർവത്രിക മുതിർന്ന വോട്ടവകാശം നടപ്പിലാക്കി. അതിൻ പ്രകാരം 21 വയസ്സോ അതിൽ മുതിർന്നവരോ ആയവർക്ക് വോട്ട് രേഖപ്പെടുത്താം. എന്നാൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണകാലത്ത്, 1988 ലെ 61-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ചു. 1989 മാർച്ച് 28-ന് ഈ നിയമം പ്രാബല്യത്തിൽ വന്നു. രാജീവ് ഗാന്ധി ഭരണ കാലത്തെടുത്ത പ്രധാന തീരുമാനമായി ഇതിനെ കണക്കാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ്!
ലോകം കണ്ട ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. ലോക് സഭയിലേക്കും, സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തിരഞ്ഞെടുപ്പ് : 4,500 സീറ്റുകൾ, 17കോടി 60 ലക്ഷത്തിലധികം വോട്ടർമാർ. 1000 വോട്ടർമാർക്ക് 1 ബൂത്ത് എന്ന ഏകദേശകണക്കിൽ 2,24,000 ബൂത്തുകൾ, ഉരുക്കിൽ നിർമ്മിച്ച 25 ലക്ഷം ബാലറ്റ് പെട്ടികൾ.
രാജഭരണത്തിനും അടിമത്തത്തിനും അവഹേളനങ്ങൾക്കുമൊടുവിൽ സ്വാതന്ത്ര്യം നേടിയ ഇന്ത്യക്കാർക്ക് തിരഞ്ഞെടുപ്പ് ഒരു കൗതുകമായി.
വോട്ടിന്റെ മൂല്യം, വോട്ട് ചെയ്യേണ്ട രീതി തുടങ്ങിയ വിഷയങ്ങളെ കുറിച്ച് രാജ്യമെമ്പാടും ബോധവൽകരണം നടന്നു. നിരക്ഷരരായ ഇന്ത്യൻ ജനതയ്ക്കായി സിനിമാ തിയേറ്ററുകളിലൂടെയും റേഡിയോയിലൂടെയും ബോധവൽകരണം നടത്തി. ലഘുലേഖനങ്ങൾ, പത്രങ്ങൾ തുടങ്ങിയ മാധ്യമങ്ങൾ വഹിച്ച പങ്കും ചെറുതല്ല.
പൊതു പരിപാടികളിലൂടെയും വിവിധ മാധ്യമങ്ങൾ വഴിയും ജനങ്ങൾക്ക് വോട്ട് വിദ്യാഭ്യാസം നൽകി. 10 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെ സഹായത്തിൽ പൊതുതിരഞ്ഞെടുപ്പിനുള്ള സജ്ജീകരണങ്ങൾ നടന്നു.
നെഹ്‌റു ആയിരുന്നു ആദ്യ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
“നിങ്ങൾ ആർക്ക് വോട്ട് ചെയ്യുന്നു എന്നതിലല്ല, വോട്ട് ചെയ്യുകയെന്നതാണ് പ്രധാനം” എന്ന് നെഹ്‌റു ജനങ്ങളോട് പറഞ്ഞു.
123 ദിവസങ്ങൾ, 68 ഘട്ടങ്ങൾ… 1951 ഒക്ടോബർ 25-ന് തുടങ്ങി 1952 ഫെബ്രുവരി 21-ന് അവസാനിച്ച സമാനതകളില്ലാത്ത ജനാധിപത്യ മഹോത്സവം ലോകചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തി.
35 കോടിയിലധികം ജനങ്ങളിൽ 85% എഴുത്തും വായനയും അറിയാത്തവരായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജനാധിപത്യ പ്രക്രിയക്ക് വിലങ്ങുതടിയായി. അന്യ പുരുഷന്മാരോട് പേരു പറയാൻ മടിച്ച സ്ത്രീകളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി, ഒടുവിൽ അന്തിമ വോട്ടർപട്ടികയിൽ 17 കോടി 33 ലക്ഷം വോട്ടർമാർ. ഭൂരിഭാഗവും നിരക്ഷരരായ ഒരു ജനത എങ്ങനെ വോട്ട് ചെയ്യും എന്നത് ഒരു വെല്ലുവിളിയായി നിലനിന്നു.
483 ലോക്സഭാ സീറ്റുകൾ, 18,000 ത്തോളം സ്ഥാനാർഥികൾ, 2,24,000 പോളിങ് ബൂത്തുകൾ, 20 ലക്ഷം ബാലറ്റ് പെട്ടികൾ, വോട്ടർമാരുടെ വിരലുകളിൽ അടയാളപ്പെടുത്താൻ 4 ലക്ഷം കുപ്പികളിൽ പ്രത്യേക മഷി.
സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായി! ഒടുവിൽ 1951 ഒക്ടോബർ 25-ന് ഹിമാചലിലെ ചീനി മണ്ഡലത്തിൽ ആദ്യ പോളിങ് നടന്നു, ശ്യാം ശരൺ നേഗി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായി! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പിൽ 46.6% വോട്ടർമാർ പങ്കാളികളായി.എഴുതാൻ അറിയാത്തവർക്കായി ചിഹ്നങ്ങൾ അക്ഷരങ്ങളായി മാറി, പെട്ടികളിൽ വീണ ഓരോ ബാലറ്റും അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ അടയാളമായി മാറി.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭ!
ഇന്ത്യ എന്ന മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ശേഷം ഭരണഘടനയുടെ വ്യവസ്ഥകൾ പ്രകാരം നടന്ന പൊതുതിരഞ്ഞെടുപ്പ് 1951 ഒക്‌ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നീണ്ടുനിന്നു. ഈ തിരഞ്ഞെടുപ്പിന് ഒടുവിൽ ആദ്യ കേന്ദ്ര മന്ത്രിസഭ നിലവിൽവന്നു.
ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് “നുകം താങ്ങിയ കാള” അടയാളത്തിൽ വൻ വിജയം ഉറപ്പിച്ചു! പ്രതിപക്ഷ പാർട്ടികളെക്കാളും 4 മടങ്ങ് വോട്ട് വിഹിതം നേടിയാണ് കോൺഗ്രസ് വിജയിച്ചത്.
| മന്ത്രി | വകുപ്പ് |
|---|---|
| ജവഹർലാൽ നെഹ്‌റു | പ്രധാനമന്ത്രി, വിദേശകാര്യം |
| മൗലാന അബുൽകലാം ആസാദ് | വിദ്യാഭ്യാസം, പ്രകൃതി വിഭവങ്ങൾ, ശാസ്ത്ര ഗവേഷണം |
| സി.ഡി. ദേശ്മുഖ് | ധനകാര്യം |
| കൈലാസ് നാഥ് കാട്ജു | ആഭ്യന്തരം |
| ലാൽ ബഹദൂർ ശാസ്ത്രി | റെയിൽവേ |
| രാജ്കുമാരി അമൃത് കൗർ | ആരോഗ്യം (തുടർച്ചയായി ഈ സ്ഥാനത്ത് തുടർന്നു) |
| ജഗ്ജീവൻ റാം | വാർത്താവിനിമയം / തൊഴിൽ |
1947-ലെ ഇടക്കാല മന്ത്രിസഭയിലുണ്ടായിരുന്ന പല പ്രമുഖരും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയിലും സ്ഥാനം പിടിച്ചു.
ബോംബെ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തിൽ നിന്ന് ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ (എസ്. സി. എഫ്) പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച ഡോ. ബി.ആർ. അംബേദ്കർക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല എന്നത് ഒരു കൗതുകമായിരുന്നു. അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി മുമ്പ് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ. എൻ. സി) സ്ഥാനാർഥി നാരായൺ സഡോബ കജ്‌റോൾക്കറിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. മാത്രമല്ല, ഈ മന്ത്രിസഭയാണ് ആദ്യത്തെ പഞ്ചവത്സരപദ്ധതികൾ ഉൾപ്പെടെയുള്ള സുപ്രധാന വികസനപദ്ധതികൾക്ക് തുടക്കം കുറിച്ചത്. ജനം വിധിയെഴുതിയ ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കാമെന്നും രാഷ്ട്രത്തെ എങ്ങനെ കെട്ടിപ്പടുക്കാമെന്നും കാട്ടിത്തന്നതും, ഇന്ത്യൻ രാഷ്ട്രഭരണത്തിന് അടിത്തറ പാകിയതും ഈ മന്ത്രിസഭയാണ്.
പഞ്ചവത്സരപദ്ധതി
വിഭജനത്തിന്റെ മുറിപ്പാടുകളും ദാരിദ്ര്യത്തിന്റെ പടുകുഴിയും നിറഞ്ഞ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ നിന്ന് നവഭാരതത്തെ കെട്ടിപ്പടുക്കാനുള്ള ഒരു പുതുപാതയായിരുന്നു പഞ്ചവത്സരപദ്ധതികൾ.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളിൽ നിന്നാണ് ഈ പദ്ധതികളുടെ തുടക്കം. 1928-ൽ ജോസഫ് സ്റ്റാലിന്റെ സോവിയറ്റ് യൂണിയൻ സ്വീകരിച്ച ആസൂത്രണ മാതൃകകൾ നെഹ്‌റുവിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഒരു വശത്ത് സോവിയറ്റ് യൂണിയന്റെ കേന്ദ്രീകൃത ആസൂത്രണവും മറുവശത്ത് ജനാധിപത്യമൂല്യങ്ങളും കൂട്ടിയിണക്കിയുള്ള ഒരു മധ്യമാർഗമാണ് ഇന്ത്യ തിരഞ്ഞെടുത്തത്. 1950 മാർച്ചിൽ രൂപീകൃതമായ പ്ലാനിംങ് കമ്മീഷൻ, രാഷ്ട്രത്തിന്റെ പരിമിതമായ സ്രോതസ്സുകൾ എവിടെ, എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്ന മസ്തിഷ്കമായി മാറി.
സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.എൻ. രാജിന്റെ മേൽനോട്ടത്തിൽ കൃഷി, ജലസേചനം, വൈദ്യുതി എന്നിവയ്ക്ക് മുൻഗണന നൽകി, പട്ടിണിയിലായിരുന്ന ഒരു ജനതയെ ഊട്ടാനും വിഭജനത്തിന്റെ മുറിവുകൾ ഉണക്കാനുമാണ് ഒന്നാം പഞ്ചവത്സരപദ്ധതി ശ്രമിച്ചത്. ഈ ഒന്നാം പദ്ധതി (1951-1956) ഹാരോഡ്-ഡോമർ മോഡലിൽ നിന്നു സ്വാധീനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തത്.
ഭാരതീയ സ്ഥിതിവിവരക്കണക്കിന്റെ പിതാവായ പി.സി. മഹലനോബിസിന്റെ നേതൃത്വത്തിൽ വ്യവസായവൽക്കരണത്തിന് ഊന്നൽ നൽകിയാണ് രണ്ടാം പഞ്ചവത്സരപദ്ധതി (1956-1961) രൂപീകരിച്ചത്. വൻകിട വ്യവസായങ്ങളും, അണക്കെട്ടുകളും “ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളായി” നെഹ്‌റു വിശേഷിപ്പിച്ചത് ഈ കാലഘട്ടത്തിലാണ്.
പഞ്ചവത്സരപദ്ധതികൾ ഇല്ലാത്ത പ്രധാന കാലഘട്ടങ്ങൾ
മൂന്നാം പഞ്ചവത്സരപദ്ധതി (1961–1966) യുദ്ധങ്ങളും വരൾച്ചയും മൂലം ഗുരുതര വെല്ലുവിളികൾ നേരിട്ടു. ഇതിന്റെ ഫലമായി പൂർണമായ പഞ്ചവത്സരപദ്ധതിക്ക് പകരം സർക്കാർ തുടർച്ചയായി മൂന്ന് വാർഷികപദ്ധതികൾ (1966–67, 1967–68, 1968–69) നടപ്പിലാക്കി.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും കാരണം എട്ടാം പഞ്ചവത്സരപദ്ധതി നിശ്ചയിച്ച പ്രകാരം ആരംഭിച്ചില്ല. പകരം, 1992-ൽ എട്ടാം പദ്ധതി ആരംഭിക്കുന്നതിനു മുൻപ് രണ്ട് വാർഷികപദ്ധതികൾ (1990–91, 1991–92) നടപ്പിലാക്കി.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയാണ് (2012-2017) ഔപചാരികമായി അവസാനത്തെ പഞ്ചവത്സരപദ്ധതി! 2014-ൽ പ്ലാനിങ് കമ്മീഷൻ പിരിച്ചുവിടുകയും, 2015-ൽ പുതിയ പദ്ധതിയായി നീതി ആയോഗ് സ്ഥാപിതമാവുകയും ചെയ്തു.
ഇന്ത്യയെ വികസിതരാഷ്ട്രപദവി കൈവരിക്കാൻ സഹായിക്കുന്നതിനായി വർധിച്ചുവരുന്ന മാറ്റങ്ങൾക്കപ്പുറം നീങ്ങുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ വ്യവസായങ്ങളുടെ ഉന്നമനത്തിനായി നിയന്ത്രണങ്ങൾ ലളിതമാക്കുകയും പൗരകേന്ദ്രീകൃത ഭരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുമായാണ് നീതി ആയോഗ് പ്രാബല്യത്തിൽ വരുത്തിയത്.
1950-ൽ സ്ഥാപിതമായ ആസൂത്രണ കമ്മീഷനു പകരമായി 2015 ജനുവരി 1-ന് കേന്ദ്ര മന്ത്രിസഭാ പ്രമേയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ആശയം പ്രഖ്യാപിച്ചത്.
മലയാളിനേതൃത്വമുള്ള പ്രതിപക്ഷം!
ഭരണപക്ഷത്തെ നെഹ്‌റു നയിച്ചപ്പോൾ പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെട്ട എ.കെ. ഗോപാലൻ (എ. കെ. ജി) ആയിരുന്നു പ്രതിപക്ഷത്തെ ശക്തനും പ്രമുഖനുമായ നേതാവ്. എ. കെ. ജി-യുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റ പ്രതിപക്ഷ കക്ഷിയായിരുന്നു.
തൊഴിലാളികളെയും അടിച്ചമർത്തപ്പെട്ടവരെയും ചേർത്തു നിർത്തുക എന്ന അടിസ്ഥാന കമ്മ്യൂണിസ്റ്റ് ആശയം മുറുകെപ്പിടിച്ച എ. കെ. ജി, കർഷകർക്കും തൊഴിലാളികൾക്കുമുള്ള പാർലമെന്റിലെ ശബ്ദമായി.
ശക്തമായ വിമർശങ്ങളും രാഷ്ട്രീയമായ ആശയ വൈരുധ്യങ്ങളുമുണ്ടായിരുന്നിട്ടും നെഹ്രുവും എ. കെ. ജി-യും വ്യക്തിപരമായ ബഹുമാനം നിലനിർത്തി. ഇവർ തമ്മിലുണ്ടായ പാർലമെന്റിലെ തർക്കങ്ങൾ പോലും രാജ്യത്തിന്റെ നിയമനിർമാണത്തെ ശക്തിപ്പെടുത്തി.
FAQ
ആദ്യ തിരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്രുവിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വൻ വിജയം നേടി. അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നം “നുകം താങ്ങിയ കാള” ആയിരുന്നു
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത്, 1988-ലെ 61-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ വോട്ടിങ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ചു. ഈ നിയമം 1989 മാർച്ച് 28-ന് പ്രാബല്യത്തിൽ വന്നു.
1951 ഒക്ടോബർ 25-ന് ഹിമാചലിലെ ചീനി മണ്ഡലത്തിൽ ആദ്യ പോളിങ് നടന്നപ്പോൾ, ശ്യാം ശരൺ നേഗി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായി ചരിത്രത്തിൽ ഇടം നേടി.
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി.ആർ. അംബേദ്കറാണ്.
രാജ്കുമാരി അമൃത് കൗർ (ആരോഗ്യം) ആണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വനിതാ കേന്ദ്രമന്ത്രി.
പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട എ. കെ. ഗോപാലനാണ് (എ. കെ. ജി) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭരണകൂടത്തിന്റെ പ്രതിപക്ഷനേതാവ്.