skip to content
Skip to content
Home » സ്വതന്ത്ര ഇന്ത്യയുടെ ജനാധ്യപത്യ യാത്ര!

സ്വതന്ത്ര ഇന്ത്യയുടെ ജനാധ്യപത്യ യാത്ര!

indian union

1760-കളിൽ ഇന്ത്യൻ തീരങ്ങളിൽ നങ്കൂരമിട്ട ബ്രിട്ടീഷ് കപ്പലുകൾ 1947-ന്റെ മധ്യത്തിൽ മാത്രമാണ് തീരം വിട്ടൊഴിഞ്ഞത്. അത് വെറുമൊരു മടക്കയാത്രയായിരുന്നില്ല; ഇരുനൂറ് വർഷം നീണ്ട കൊളോണിയൽ ചൂഷണത്തിന്റെയും, ഭരണകൂട ഭീകരതയുടെയും, സമാനതകളില്ലാത്ത അടിച്ചമർത്തലിന്റെയും ഒരു ചരിത്രത്തിനാണ് തിരശ്ശീലയിട്ടത്!

സ്വാതന്ത്ര്യത്തിന്റെ ആകാശത്തിന് താഴെ, ഇന്ത്യ ഉണർന്നെഴുന്നേറ്റപ്പോൾ അവശേഷിച്ചത്, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ത്യാഗങ്ങളുടെ കണക്കെടുപ്പാണ്.

എന്നാൽ, ഈ സ്വാതന്ത്ര്യലബ്ധി ഒരു തുടക്കം മാത്രമായിരുന്നു. ബ്രിട്ടീഷുകാർ വിട്ടൊഴിഞ്ഞ മണ്ണിൽ, ഭാഷാപരമായും, മതപരമായും, രാഷ്ട്രീയമായും വിഭജിക്കപ്പെട്ട് നിന്ന 540-ൽ അധികം നാട്ടുരാജ്യങ്ങളെ ഒന്നാക്കി, ഒരു അഖണ്ഡ ഭാരതം പടുത്തുയർത്തുക എന്ന അതിസങ്കീർണ്ണമായ ദൗത്യമാണ് പുതിയ ഭരണാധികാരികളെ കാത്തിരുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏകീകരണം എന്നാൽ ഇന്ത്യ രാഷ്ട്രീയമായും, പ്രദേശികമായും, സാമൂഹികമായും സംയോജിപ്പിക്കുന്ന സങ്കീർണ്ണമായ പ്രക്രിയയായിരുന്നു.

1947 ഓഗസ്റ്റ് 15-ന് അർദ്ധരാത്രിയിൽ ലോകം ഉറങ്ങിയപ്പോൾ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്നു. എന്നാൽ, ആ സ്വാതന്ത്ര്യത്തിന്റെ പുലരി ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ വെളിച്ചം മാത്രമല്ല കൊണ്ടുവന്നത്; ഭാരതത്തെ ഒരൊറ്റ രാഷ്ട്രമായി നിലനിർത്തുക എന്ന ഭീമാകാരമായ വെല്ലുവിളിയാണ് ഇന്ത്യയുടെ ആദ്യ ഭരണാധികാരികൾക്ക് മുന്നിൽ ഉയർത്തിയത്.

നാട്ടുരാജ്യങ്ങളെ മെരുക്കിയെടുത്ത തന്ത്രങ്ങളും, തിരുവിതാംകൂർ അടക്കമുള്ള വലിയ രാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിന് പിന്നിലെ ചർച്ചകളും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമന്ത്രിസഭയും ഭരണഘടനയുടെ പിറവിയും, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ആ കാലഘട്ടത്തെ ഈ ലേഖനത്തിലൂടെ അടുത്തറിയാം.

ഇന്ത്യയുടെ ഏകീകരണം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 540-ൽ അധികം നാട്ടുരാജ്യങ്ങൾ ഉണ്ടയായിരുന്നു എന്നാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരെ മെരുക്കിയെടുക്കുക എന്നത് നിസ്സാര കാര്യമായിരുന്നില്ല.

പുതിയ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ഇന്ത്യൻ ഏകീകരണമെന്ന ശ്രമകര ദൗത്യം ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ, സർദാർ വല്ലഭായ് പട്ടേൽ ഏറ്റെടുത്തു. ചെറുതും വലുതുമായ നാട്ടു രാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന കർത്തർവ്യത്തിന് പട്ടേൽ, വി.പി മേനോനെ ഒപ്പം കൂട്ടി. 

പട്ടേലിന്റെ  സെക്രട്ടറി ആയിരുന്നു മലയാളി കൂടിയായ വി.പി മേനോൻ. അതിനു പുറമെ ബ്രിട്ടീഷ് ഭരണ ഇന്ത്യയുടെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റൺൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 രൂപീകരിക്കുന്നതിൽ മേനോൻ്റെ പങ്ക് വളരെ വലുതും ശ്രദ്ധേയവുമാണ്.

വിഭിന്നമായി കിടന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി മേനോൻ്റെ ഉപദേശങ്ങളും സഹായവുമാണ്.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം കേരളം പുനഃസംഘടിപ്പിക്കുന്നതിലും വി.പി യുടെ ഇടപെടലുകളുണ്ട് എന്നതാണ്. കാരണം അക്കാലത്ത് തങ്ങളെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കണം എന്ന വാദത്തിൽ ആയിരുന്നു മറ്റു ചില നാട്ടുരാജ്യങ്ങളെ പോലെ തിരുവിതാംകൂറും. പക്ഷെ വി.പി മേനോൻ്റെയും മൗണ്ട് ബാറ്റൺന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ തിരുവിതാംകൂർ രമ്യതപ്പെട്ടു.

തിരുവിതാംകൂർ പോലെയോ അതിനു മുകളിലോ ഇടഞ്ഞു നിന്ന നാട്ടുരാജ്യങ്ങളിൽ രാജപുത്താന, കാശ്മീർ, ഹൈദ്രബാദ് തുടങ്ങിയവ ഉൾപ്പെടും.  ഇവയെല്ലാം ഇന്ത്യയിൽ ലയിപ്പിക്കുന്നതിൽ വി.പി മേനോൻ വലിയ പങ്ക് വഹിച്ചു.    

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും തിളക്കമാർന്ന ഒരു കാലഘട്ടത്തിൽ, രാജ്യത്തെ ഭരണാധികാരികളുടെ പിന്നിൽ നിന്നും മുന്നോട്ട് നയിച്ച ഒരു മലയാളി ഉദ്യോഗസ്ഥൻ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയം ആണ്.

പുതിയ ഭരണഘടനയും, ഇലക്ഷൻ കമ്മീഷനും

ഓഗസ്റ്റ് 14-ന് ലോകം ഉറങ്ങുന്ന അർദ്ധരാത്രിയിൽ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്നു.  ഓഗസ്റ്റ് 15 പുലർച്ചെ  ഇന്ത്യയിൽ ഒട്ടാകെ സ്വാതന്ത്ര്യ വാർത്ത പടർന്നു. അന്ന് തന്നെ സ്വതന്ത്ര ഇന്ത്യയുടെ ഗവർണർ ജനറലായി മൗണ്ട് ബാറ്റൺ സ്ഥാനമേൽക്കുകയും, നെഹ്രുവിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരം ഏൽക്കുകയും ചെയ്തു.  

നെഹ്‌റുവിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ മന്ത്രിസഭയെയാണ് ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമന്ത്രിസഭ എന്ന് പറയുന്നത്. മറ്റ് രാഷ്ട്രീയ കാഴ്ചപ്പാടുള്ള പ്രമുഖരും ഇതിൽ  ഉൾപ്പെട്ടിരുന്നു എന്നത് ഈ മന്ത്രിസഭയുടെ പ്രത്യേകത.

മന്ത്രി വകുപ്പ് പ്രത്യേകത
ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രി, വിദേശകാര്യം, ശാസ്ത്ര ഗവേഷണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി
സർദാർ വല്ലഭായ് പട്ടേൽ ഉപപ്രധാനമന്ത്രി, ആഭ്യന്തരം, വാർത്താവിതരണം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു
ഡോ. ബി.ആർ. അംബേദ്കർ നിയമം ഇന്ത്യൻ ഭരണഘടനയുടെ ശില്പി
മൗലാന അബുൽ കലാം ആസാദ് വിദ്യാഭ്യാസം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി
ഡോ. രാജേന്ദ്ര പ്രസാദ് ഭക്ഷണം, കൃഷി പിന്നീട് ഇന്ത്യയുടെ ആദ്യ പ്രസിഡൻ്റായി
ആർ.കെ. ഷൺമുഖം ചെട്ടി ധനകാര്യം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി
സർദാർ ബൽദേവ് സിംഗ് പ്രതിരോധം
രാജ്കുമാരി അമൃത് കൗർ ആരോഗ്യം കേന്ദ്ര മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രി
ജഗ്ജീവൻ റാം തൊഴിൽ
ഡോ. ശ്യാമ പ്രസാദ് മുഖർജി വ്യവസായം, വിതരണം

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഔദ്യോഗിക ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു എന്നത് ശ്രദ്ധേയമാണ്, അദ്ദേഹം കൽക്കട്ടയിൽ ഉപവാസമനുഷ്ഠിച്ച് ബംഗാളിലെ വർഗീയ അക്രമം തടയാൻ പ്രവർത്തിക്കുകയായിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥ, നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചതിൻ്റെ കഥ മാത്രമല്ല; അത്, വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു നിന്നതിൻ്റെയും, ആധുനിക ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് അടിത്തറയിട്ടതിൻ്റെയും കഥ കൂടിയാണ്.

Blog Page Contact