skip to content
Skip to content
Home » ലഡാക്കിന്റെ ചരിത്രവും പ്രകൃതിസൗന്ദര്യവും

ലഡാക്കിന്റെ ചരിത്രവും പ്രകൃതിസൗന്ദര്യവും

  • KPSC

ഇന്ത്യയുടെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഉയർന്ന പർവത പ്രദേശമാണ് ലഡാക്ക്. ഇന്ത്യയിലെ ഒരെയൊരു ശീതമരുഭൂമിയായ ലഡാക്കിന്റെ വടക്കുകിഴക്കായി ചൈനയുടെ ടിബറ്റൻ പ്രദേശവും, പടിഞ്ഞാറായി പാക്കിസ്ഥാനിന്റെ നിയന്ത്രണത്തിലുള്ള ഗില്ഗിറ്റ്-ബാൾട്ടിസ്ഥാനും, തെക്കുഭാഗത്ത് ഹിമാചൽ പ്രദേശും സ്ഥിതി ചെയ്യുന്നു.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ജമ്മു-കാശ്മീർ ഒരു പ്രത്യേക രാജ്യം പോലെ ആയിരുന്നു. ഇന്ത്യയിലേക്കോ പാക്കിസ്ഥാനിലേക്കോ ചേരാൻ അന്ന് ജമ്മു കശ്മീർ തയാറായിരുന്നില്ല . എന്നാൽ പിന്നീട് പാക്കിസ്ഥാന്റെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ജമ്മു-കാശ്മീരിന്റെ രാജാവ് ഹരിസിംഗ് ഇന്ത്യയിലേക്ക് ചേരാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇന്ത്യ ഈ പ്രദേശത്തിന് ചില പ്രത്യേക അവകാശങ്ങൾ നൽകാൻ സമ്മതിച്ചു. പിന്നീട് ആ അവകാശങ്ങൾ ആണ് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35A എന്നിവയായി മാറിയത്.
2019 ഓഗസ്റ്റ് 5-ന്, ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കംചെയ്തു. അതോടൊപ്പം ജമ്മു-കാശ്മീരിലെ പൗരത്വം ഉള്ളവർക്കു പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 35Aയും അസാധുവായി, അതിന്റെ ഭാഗമായി ലഡാക്ക് ഒരു സ്വതന്ത്ര കേന്ദ്രഭരണ പ്രദേശമായി മാറി.

ladakh-history-geography

ലഡാക്കിന്റെ ചരിത്രം

ലഡാക്കിന്റെ ചരിത്രം ആഴമേറിയതാണ്. പഴയ കാലങ്ങളിലെ , ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപാതയായ സിൽക്ക് റൂട്ടിന്റെ ഭാഗമാണ് ലഡാക്ക്. സിൽക്ക് റൂട്ടിന്റെ ആരംഭം പുരാതന ചൈനയിലാണ് , അതുവഴി പടിഞ്ഞാറോട്ട്, മധ്യേഷ്യ, ഇന്ത്യ, അറബ് രാഷ്ട്രങ്ങൾ, യൂറോപ്പ് വരെ പടർന്ന ഒരു വ്യാപാര ശൃംഖല. ഈ പാതയിലൂടെ ചൈനീസ് പട്ട്, ചായ, കാഞ്ചിപ്പാത്രങ്ങൾ തുടങ്ങിയവ പടിഞ്ഞാറോട്ട് പോയപ്പോൾ, പാശ്ചാത്യ ലോകത്തിൽ നിന്നുള്ള സ്വർണ്ണം, സുഗന്ധവ്യഞ്ജനങ്ങൾ, കലാരൂപങ്ങൾ തുടങ്ങിയവ കിഴക്കോട്ടും എത്തിയിരുന്നു . വ്യാപാരത്തേക്കാൾ അതിലധികം ഉണ്ടായിരുന്നത് സാംസ്കാരിക കൈമാറ്റം ആണ്. ബുദ്ധമതം ചൈനയിലേക്ക് എത്തിയത് ഈ വഴികളിലൂടെയാണ്.
പഴയ സിൽക്ക് റൂട്ടിന്റെ പ്രധാന മേഖലകൾ :

  • ചൈനയിലെ സിയാൻ നഗരം
  • മധ്യേഷ്യയിലെ കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ
  • ഇന്ത്യയിലെ കാശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്
  • അറബ് രാജ്യങ്ങൾ
  • യൂറോപ്പ്

    ലഡാക്കിൽ ബുദ്ധമതം ശക്തമായി വളർന്നത് ഏകദേശം 10 – ആം നൂറ്റാണ്ടോടെയാണ് . ടിബറ്റിൽ നിന്നുള്ള ബുദ്ധമത വിശ്വാസികൾ ഇവിടെ എത്തിയ ശേഷം, ലഡാക്ക് ബുദ്ധമതത്തിന്റെ ഒരു വലിയ കേന്ദ്രമായി മാറി. ഇന്ന് ഇവിടെ നൂറുകണക്കിന് ബുദ്ധമഠങ്ങൾ ആണ് ഉള്ളത് .
    ലഡാക്കിന്റെ ചരിത്രം എടുത്ത് നോക്കിയാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് 2019 ഓഗസ്റ്റ് 5 . ആർട്ടിക്കിൾ 370 , ആർട്ടിക്കിൾ 35A യും നീക്കം ചെയ്തു ജമ്മുകശ്മീരിനെ ലഡാക്കും ജമ്മുകശ്മീരും ആയി രണ്ടായി വിഭജിച്ചത് അന്നായിരുന്നു . ജമ്മു – കശ്മീർ ഇന്ത്യയിലെ ഒരു സംസ്ഥാനം ആണെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് പ്രത്യേകതകൾ ജമ്മു കശ്മീരിന് ഉണ്ടായിരുന്നു അതിനു കാരണവുമുണ്ട് . 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ജമ്മു കശ്മീർ ഒരു പ്രത്യേക രാജ്യം പോലെ നിലനിൽക്കുകയായിരുന്നു. പിന്നീട് ഇന്ത്യയിൽ ചേർക്കാൻ തീരുമാനിച്ചപ്പോൾ, അവിടുത്തെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും നിലനിർത്താൻ വേണ്ടി ചില പ്രത്യേക നിയമങ്ങൾ വേണമെന്ന് സർക്കാർ കരുതി. അതിനാലാണ് ആർട്ടിക്കിൾ 370 വഴി ജമ്മുകാശ്മീരിനു മറ്റ് സംസ്ഥാനങ്ങൾക്കുള്ളതിനേക്കാൾ കൂടുതൽ സ്വതന്ത്ര ഭരണാധികാരം നൽകിയത്. ആർട്ടിക്കിൾ 370 ഉപയോഗിച്ച്, 1954-ൽ രാഷ്ട്രപതി നൽകിയ ഒരു പ്രത്യേക ഉത്തരവിലൂടെയാണ് ആർട്ടിക്കിൾ 35A ഭരണഘടനയിൽ ചേർത്തത്. ഇത് ജമ്മുകശ്മീരിലെ സ്ഥിരതാമസക്കാർക്ക് മാത്രം ചില പ്രത്യേക അവകാശങ്ങൾ നൽകുന്നു:
  • ഭൂമി വാങ്ങാനുള്ള അവകാശം
  • സർക്കാർ ജോലികൾ
  • സ്കോളർഷിപ്പുകൾ
  • മറ്റു ആനുകൂല്യങ്ങൾ

    ജമ്മു കശ്മീരിനെ രണ്ടായി ഭാഗിച്ചതിലൂടെ ലഡാക്ക് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശമായി മാറി .

Blog Page Contact

ഭൂപ്രകൃതിയും കാലാവസ്ഥയും

ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീഠഭൂമി കൂടിയാണ് ലഡാക്ക് . സമുദ്രനിരപ്പിൽ നിന്നും 2,900 മീറ്ററിൽ നിന്നു തുടങ്ങി 5,900 മീറ്റർ വരെ ഉയരമുള്ള മലനിരകൾക്കിടയിലായി ലഡാക്ക് സ്ഥിതി ചെയ്യുന്നു . ഇവിടുത്തെ ഭൂപ്രകൃതിയെ രൂപീകരിക്കുന്നത് പ്രധാനമായും നാല് വലിയ പർവ്വത നിരകളാണ്: കാരക്കോറം, സൻസ്കാർ, ലഡാക്ക്, ഹിമാലയൻ ശൃംഖലകൾ . സൻസ്കാർ പർവ്വത നിര ലഡാക്കിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു , ട്രെക്കിംഗിന് അനുയോജ്യമായ ഒരു പ്രദേശം കൂടെയാണ് ഇവിടം . ലഡാക്ക് ശൃംഖല ലേയ്ക്ക് സമീപം കാണപ്പെടുന്ന ട്രാൻസ് ഹിമാലയൻ ശ്രേണിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഹന ഗതാഗതം ഉള്ള ഉംലിങ് ലാ , കർദുങ് ലാ ചുരങ്ങളും ലഡാക്കിലാണ് ഉള്ളത് .
ഇന്ത്യയിലെ ഒരേയൊരു ശീതമരുഭുമിയാണ് ലഡാക്ക് അതായത്, വളരെ കുറച്ച് മഴ ലഭിക്കുന്നതും അതിശൈത്യമുള്ളതുമായ മരുഭൂമി.ഇവിടെ മഴയുടെ അളവ് വളരെ കുറവാണ്. ഈ പ്രദേശത്ത് ശരാശരി വർഷത്തിൽ ഏകദേശം 100 മില്ലിമീറ്റർ മാത്രം മഴയാണ് ലഭിക്കുന്നത് , അതും മഞ്ഞുവീഴ്ചയുടെ രൂപത്തിലാണ് കൂടുതലും. കുറഞ്ഞ മഴയും തണുത്ത കാലാവസ്ഥയും മൂലം ലഡാക്കിന്റെ മണ്ണ് വരണ്ടതും ചെടികൾ വളരാൻ പ്രയാസമുള്ളതുമാക്കുന്നു. ഇവിടുത്തെ കാലാവസ്ഥയും ജലസമ്പത്തിന്റെ കുറവും കാരണം ലഡാക്കിനെ ഇന്ത്യയിലെ ശീതമരുഭൂമിയായി കാണുന്നു .വേനൽക്കാലം ആണ് ലഡാക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം , മെയ്-സെപ്റ്റംബർ മാസങ്ങളിൽ ആയിരിക്കും ഇവിടെ വേനൽക്കാലം . ഈ സമയത്ത് താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസ് വരെയാണ് . എന്നാൽ ശൈത്യകാലത്ത് ചിലപ്പോൾ -30 ഡിഗ്രി വരെ താപനില താഴും. ഒക്ടോബർ – മാർച്ച് മാസങ്ങളിലായാണ് ഇവിടെ ശൈത്യകാലം . ഈ കാലയളവിൽ പല റോഡുകളും അടച്ചിരിക്കും, പല പ്രദേശങ്ങളിലേക്കും എത്താൻ കഴിയാറില്ല.
ലഡാക്ക് പ്രദേശത്തിലൂടെ ഒഴുകുന്ന പ്രധാന നദിയാണ് സിന്ധു . ഹിമാലയൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദിയാണ് പ്രദേശത്തെ പ്രധാന ജലസ്രോതസ്സും, കൃഷിയുടെയും ആവാസവ്യവസ്ഥകളുടെയും അടിസ്ഥാനവുമാകുന്നത്. കൂടാതെ സൻസ്കാർ നദിയും നുബ്രാ നദിയും ഉൾപ്പെടുന്ന മറ്റു ചെറിയ നദികളും ഇവിടെ കാണപ്പെടുന്നു.സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി മലച്ചുരങ്ങൾ ലഡാക്കിലുണ്ട്. ഉംലിങ് ലാ, കർദുങ് ലാ എന്നിവയ്ക്ക് പുറമെ ചാങ് ലാ, ബരാലാച ലാ, നാമിക ലാ എന്നിവ പ്രധാനപ്പെട്ടവയാണ്. ഇവയിൽ ചിലത് ടിബറ്റിലേക്കും ഹിമാചൽ പ്രദേശിലേക്കും എത്തുന്നതിനുള്ള പ്രധാന മാർഗങ്ങളാണ്.
ലഡാക്കിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായാണ് സിയാച്ചിൻ ഹിമാനി പരിഗണിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള യുദ്ധഭൂമിയാണ് സിയാച്ചിൻ.സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 18,000 അടി (5,400 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, ഏകദേശം 1984 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് . കാർഗിൽ മേഖലയ്ക്ക് അടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.എല്ലാകാലവും കനത്ത മഞ്ഞ് വീഴുന്ന ഈ പ്രദേശം അതികഠിനമായ കാലാവസ്ഥയുള്ളതാണ്.

മരുഭൂമികൾ

വർഷത്തിൽ വളരെ കുറച്ച് മഴ മാത്രം ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ. അതുകൊണ്ടു തന്നെ ഇവിടെ ചെടികളും മരങ്ങളും കുറവാണ്. ചില മരുഭൂമികളിൽ രാത്രിയിൽ വളരെ തണുപ്പുമാകാം. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻ്റാർട്ടിക്കൻ മരുഭൂമി ആണ്. ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട് എന്നറിയപ്പെടുന്ന താർ മരുഭൂമിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി. ലോകത്ത് പല തരത്തിലുള്ള മരുഭൂമികൾ ഉണ്ട്, ഓരോന്നും വ്യത്യസ്തമാണ്. സഹാറ, ഗോബി, അറ്റക്കാമ തുടങ്ങിയവ പ്രശസ്തമായ മരുഭൂമികളാണ്.

Blog Page Contact

പ്രധാന ജില്ലകൾ

ലഡാക്കിൽ ആകെ രണ്ട് ജില്ലകൾ മാത്രമാണുള്ളത് : ലേ യും കാർഗിലും . ലഡാക്കിന്റെ തലസ്ഥാനമായ ലേ പ്രധാന നഗരവും ഇവിടുത്തെ ഭരണ കേന്ദ്രവുമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ട് ആയ കുഷോക് ബാക്കുല റിംപോച്ചെ എയർപോർട്ട് ലഡാക്കിലെ ലേ യിലാണ് . ബുദ്ധമതത്തിന്റെയും ടിബറ്റൻ സംസ്കാരത്തിന്റെയും ശക്തമായ സ്വാധീനം ഇവിടെ ഉണ്ട്.ലേ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉയർന്ന പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു . ലഡാക്കിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഖർദുങ് ലാ പാസ് , നുബ്ര വാലി , പാംഗോങ് തടാകവും ലേ യിലാണ് സ്ഥിതി ചെയ്യുന്നത് .
കാർഗിൽ ജില്ല ചരിത്രപരമായി ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രശസ്തമായ പ്രദേശമാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ഈ ജില്ല കാശ്മീരുമായി സാംസ്കാരികമായി ബന്ധപ്പെട്ടു കിടക്കുന്നു. കാർഗിൽ പട്ടണം ജില്ലയുടെ പ്രധാന ആസ്ഥാനമാണ്. പ്രശസ്ത പാസ് കളായ സോജില പാസ്, ഉമ്ബാലാ പാസ് എന്നിവ കാർഗിലിൽ കാണാം . ഇരുജില്ലകളും തീവ്രമായി പർവതപരമായ പ്രദേശങ്ങളാണ്, വ്യത്യസ്തമായ ഭൂപ്രകൃതികളും സാംസ്കാരികപരമായ വൈവിധ്യവുമാണ് ഇവയുടെ പ്രത്യേകത.

സംസ്കാരവും മതവും

ലഡാക്കിൽ താമസിക്കുന്ന ആളുകൾ പ്രധാനമായും ബുദ്ധമത വിശ്വാസികൾ ആണ്. അതുകൊണ്ട് തന്നെ ഇവിടെ ക്ഷേത്രങ്ങളും മതാചാരങ്ങളും വളരെ പ്രധാനമാണ്. ലഡാക്കിലെ ഹെമിസ്, തിക്ഷേ, അൽചി എന്നീ പഴയ ബുദ്ധമഠങ്ങൾ ഏറെ പ്രശസ്തമാണ്.
ഇവിടെ ലോസാർ എന്ന പുതിയ വർഷം ഉത്സവം പോലെയാണ് ആഘോഷിക്കുന്നത് . പിന്നെ ഹെമിസ് ഫെസ്റ്റിവൽ പോലെയുള്ള ഉത്സവങ്ങളും വളരെ വലിയ രീതിയിലാണ് ഇവിടെ ആഘോഷിക്കുന്നത്. ഈ ഉത്സവങ്ങളിൽ ആളുകൾ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്യുകയും ഗാനം പാടുകയും ചെയ്യുന്നു. ഇത് കാണാൻ വളരെ മനോഹരമാണ്.
ഭക്ഷണത്തിലും ലഡാക്കിന് തന്റേതായ ചില രീതികളുണ്ട്. ബട്ടർ ടീ ഇവിടത്തെ ഒരു പ്രത്യേക ചായയാണ്, അതിൽ ഉപ്പും വെണ്ണയും ചേർത്തിരിക്കും.ചൂട് സൂപ്പായ തുപ്പ്ക ലഘുഭക്ഷണമായ മോമോസ് ഇതൊക്കെയാണ് ലഡാക്കിന്റെ തനതായ രുചികൾ. മതപരമായ സമ്പ്രദായങ്ങളും സാംസ്കാരികപാരമ്പര്യവും ലഡാക്കിനെ അതിന്റെ പ്രത്യേകതയുള്ള ഒരു മനോഹര സാംസ്കാരിക ഭൂമിയായി മാറ്റിയിരിക്കുന്നു.

ലഡാക്കിലേക്ക് എങ്ങനെ എത്താം?

  • വിമാന മാർഗം
    ലഡാക്ക് എത്താനുള്ള ഏറ്റവും എളുപ്പവഴിയാണ് വിമാനത്തിലൂടെയുള്ള യാത്ര. ലഡാക്കിലെ കുഷോക്ക് ബകുലാ റിംപോചെ വിമാനത്താവളം (Leh Airport) ആണ് പ്രധാന എയർപോർട്ട്. ഡൽഹി, ശ്രീനഗർ, ജമ്മു മുതലായ നഗരങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാണ്.
  • റോഡ് മാർഗം
    സാഹസികത ഇഷ്ടമുള്ളവർക്ക്, റോഡ് യാത്ര ഏറെ ആസ്വാദ്യമായിരിക്കും:
    മനാലി – ലേ ഹൈവേ: ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹൈവേയിൽ പെടുന്നു. ഒട്ടുമിക്ക യാത്രക്കാരും ഈ വഴി ട്രെക്കിങ്, ബൈക്ക് റൈഡിങ് തുടങ്ങിയവയ്ക്കായ് ഉപയോഗിക്കുന്നു.
    ശ്രീനഗർ – ലേ ഹൈവേ: വളരെ ഭംഗിയുള്ള മലനിരകളും, പർവതക്കടവുകളും കാഴ്ചയാകും. ഈ വഴി കാർഗിലിലൂടെ കടന്നു പോകുന്നു.
    ശൈത്യകാലത്ത് മിക്ക റോഡുകളും അടച്ചിരിക്കും, അതിനാൽ യാത്രാ പ്ലാൻ തയ്യാറാക്കുമ്പോൾ കാലാവസ്ഥയെ കണക്കിലെടുക്കണം.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

ജീവിതത്തിലെ എല്ലാ തിരക്കുകളിൽ നിന്നും അകലെ, ശാന്തമായ ഒരു ലോകം…അതാണ് ലഡാക്ക്. കുറച്ചു സമയത്തേക്ക് എങ്കിലും മനസ്സിനെ ശാന്തമാക്കാൻ, ലഡാക്കിനു ഒരു പ്രത്യേക കഴിവ് ഉണ്ടെന്നു തന്നെ പറയാം . ലഡാക്കിലേക്കുള്ള യാത്രയിലെ ഓരോ വഴിയിലും ഓരോ അനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് . ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഒരുപാട് ഉണ്ട് ഇന്ത്യയിൽ അതിൽ ഒന്നാണ് ലഡാക്ക് . കാഴ്ചകളും അനുഭവങ്ങളും ചേർന്ന ഈ ഭൂമിയിൽ, ചില സ്ഥലങ്ങൾ നിങ്ങൾ ഒരിക്കലും കാണാതെ പോകരുത്.

  • പാംഗോംഗ് തടാകം : ലെഹിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ ദൂരത്തിൽ, സമുദ്രനിരപ്പിൽ നിന്ന് 4,350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാംഗോംഗ് തടാകം ലഡാക്കിന്റെ ആകർഷക കാഴ്ചകളിൽ ഒന്നാണ്. തടാകത്തിന്റെ 60% ഭാഗവും ചൈനീസ് പരിധിയിലാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് പച്ച , ചുവപ്പ് , നീല എന്നിങ്ങനെ നിറം മാറുന്ന ഈ തടാകം കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെയാണ് . പ്രകൃതിപ്രേമികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഈ സ്ഥലം പ്രത്യേക ആകർഷണമാണ്.
  • നുബ്രാ വാലി: ഖാർദുങ് ലാ പാസ് കടന്നാൽ എത്താൻ കഴിയുന്ന ഒരു മനോഹരമായ താഴ്‌വരയാണ് നുബ്രാ വാലി. ലഡാക്കിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന ഈ പൂക്കളുടെ താഴ്‌വരയിൽ കാണാൻ കാഴ്ച്ചകൾ ഏറെയുണ്ട്. നബ്രാ നദിയും ശ്യോക് നദിയും ഒന്നിച്ച് ഒഴുകുന്ന ഈ പ്രദേശം ഹിമാലയൻ ശൃംഖലയുടെ മദ്ധ്യഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. മഞ്ഞു മലകൾ, ഡിസ്കിറ്റ് ബുദ്ധവിഹാരങ്ങൾ, ബാക്ട്രിയൻ ഒട്ടകങ്ങൾ,ഹണ്ടർ മണൽ മരുഭൂമിയുമൊക്കെ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.
  • മാഗ്നറ്റിക് ഹിൽ: ലഡാക്കിന്റെ പ്രകൃതിസൗന്ദര്യത്തിന് പുറമെ അവിടുത്തെ വിചിത്രതയും കൂടെ കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് മഗ്നറ്റിക് ഹിൽ. ഇവിടെ വാഹനങ്ങൾ കൂറ്റൻ ചരിവിൽ ന്യൂട്ടന്റെ ആകർഷണ നിയമം ലംഘിച്ച് സ്വയം കയറി വരുന്നതായി തോന്നും, ഇത് തികച്ചും ഒരു ദൃശ്യഭ്രമമാണ്. എന്നാൽ അതു മനസ്സിലാക്കി വരുമ്പോഴും ആ വാഹനം സ്വയം കയറുന്നു എന്ന വിശ്വാസം മാറ്റാനാകില്ല . ഇത് ശാസ്ത്രത്തിന്റെ തോൽവിയാണോ അതോ മനസിന്റെ തോന്നലാണോ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുപോകും . ശെരിക്കും പ്രകൃതിയുടെ അത്ഭുതം എന്ന് തന്നെ പറയാം .
  • സോജി ലാ പാസ്: ഹിമാലയൻ ശൃംഖലയുടെ അതി ഉയരമുള്ള വഴികളിലൊന്നായ സോജി ലാ പാസ്, ലഡാക്കിലെ മറ്റൊരു പ്രധാന കാഴ്ചയാണ്. കാർഗിൽ നഗരത്തെയും ലെഹിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ഇത്. ഉയരമുള്ള മഞ്ഞുമലകളും തണുത്ത കാറ്റും, ധാരാളം തുരങ്കങ്ങളും വഴിയരികിലെ മനോഹര കാഴ്ചകളും സോജി ലാ പാസിന്റെ പ്രത്യേകതയാണ്. 1999-ൽ നടന്ന കാർഗിൽ യുദ്ധത്തിലെ സൈനികപ്രവർത്തനങ്ങൾ കൂടുതലും ഇവിടെ ആയിരുന്നു അതുകൊണ്ട് തന്നെ സോജി ല പാസിന് ചരിത്രപരമായ പ്രാധാന്യം കൂടെ ഉണ്ട്. 3,528 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാസിലെ വളഞ്ഞ മലമാർഗങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ, അഗ്നിപർവതങ്ങളുടെ പശ്ചാത്തലത്തിൽ തിളങ്ങുന്ന ഹിമങ്ങൾ കാണുന്നത് അതിമനോഹരമായ ഒരു അനുഭവമാണ്.മെയ് മുതൽ ഒക്ടോബർ വരെ മാത്രമാണ് സോജി ലാ പാസ് തുറന്നിരിക്കുക.
  • കാർഗിൽ വാർ മെമ്മോറിയൽ: ലഡാക്കിൽ പോവുമ്പോൾ തീർച്ചയായും കാണേണ്ട ഒരു സ്ഥലമാണ് കാർഗിൽ വാർ മെമ്മോറിയൽ. ഡ്രാസിൽ സ്ഥിതിചെയ്യുന്ന ഈ സ്മാരകം 1999-ലെ കാർഗിൽ യുദ്ധത്തിൽ മരിച്ച വീരസൈനികരുടെ ഓർമ്മയ്ക്കായാണ് നിർമ്മിച്ചത്. “ഓപ്പറേഷൻ വിജയ്” വിജയിച്ചപ്പോൾ അവർ വെച്ച കാൽച്ചുവടുകൾ ഓർക്കാൻ ഈ സ്മാരകത്തിൽ നിന്നുള്ള ടൈഗർ ഹിൽ കാഴ്ച മാത്രം മതി. യുദ്ധത്തിൽ ഉപയോഗിച്ച തോക്കുകൾ, വാഹനങ്ങളെല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. യുദ്ധം നടന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനായി ചെറിയ ഒരു മ്യൂസിയം പോലെയും കൃത്യമായ വിവരങ്ങളോടുകൂടിയ ബോർഡുകളും ഉണ്ട് . ഇന്ത്യക്കുവേണ്ടി സ്വന്തം ജീവൻ പോലും ത്യജിച്ചവരെ നേരിൽ കണ്ട് ആദരിക്കാനുള്ള ഒരു അവസരമാവും ഇത്.

ലഡാക്കിന്റെ സാമ്പത്തിക സ്ഥിതി

ലഡാക്കിലെ പല ആളുകളും ഇന്നും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും വെള്ളത്തിന്റെ കുറവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. എങ്കിൽപ്പോലും ബാർലി, ഗോതമ്പ്, പയർ പോലുള്ള വിളകൾ ഇവിടെ വളരുന്നു. ലഡാക്ക് ഇന്ത്യയുടെ വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയതുകൊണ്ട് ടൂറിസം മേഖലയ്ക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്. ഇപ്പോൾ ലഡാക്കിന്റെ വരുമാനത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് വിനോദസഞ്ചാര മേഖല ആണ്. വേനൽക്കാലമായ മെയ് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ഹോമ്സ്റ്റേ, ഹാൻഡിക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ, ബൈക്ക് ടൂറുകൾ, ലോക്കൽ ഗൈഡിംഗ് തുടങ്ങിയ മേഖലകളിൽ നിരവധി ആളുകൾക്ക് ഇതുവഴി തൊഴിലവസരവും വരുമാനവും ലഭിക്കുന്നു . ഇവിടുത്തെ പ്രകൃതിസൗന്ദര്യവും, ബുദ്ധമഠങ്ങളും, പാംഗോംഗ് തടാകവും, നുബ്രാ വാലിയുമൊക്കെ കാണാൻ അന്യരാജ്യങ്ങളിൽ നിന്നു വരെ ആളുകൾ എത്തുന്നു. ലഡാക്ക് ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ്. അതുകൊണ്ട് തന്നെ ഇവിടെ സൈനികമായി വളരെ പ്രാധാന്യമുണ്ട്. ചൈനയും പാക്കിസ്ഥാനും ഇവിടെ നിന്ന് വളരെ അടുത്താണ്. സിയാച്ചിൻ ഹിമാനി, കാർഗിൽ, ഗൽവാൻ താഴ്‌വര തുടങ്ങിയ ഇടങ്ങൾ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. അതിനാൽ ലഡാക്കിൽ എപ്പോഴും സൈന്യത്തിന്റെ സ്ഥിര സാന്നിധ്യം കാണാം .

ലഡാക്ക്: പോരാട്ടവും പ്രതീക്ഷയും

അടുത്തകാലത്തായി ലഡാക്കിൽ വലിയ പ്രതിഷേധങ്ങളും സംഘർഷങ്ങളും നടന്നിട്ടുണ്ടായിരുന്നു . ലഡാക്കിന് കൂടുതൽ അധികാരവും സംരക്ഷണവും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഈ പ്രക്ഷോഭങ്ങൾ. സംസ്ഥാന പദവി, 6th ഷെഡ്യൂൾ പ്രകാരമുള്ള സംവരണങ്ങൾ, ജോലി-വിദ്യാഭ്യാസത്തിൽ പ്രാദേശികർക്കുള്ള മുൻഗണന തുടങ്ങിയ ആവശ്യങ്ങൾ ആയിരുന്നു അവർ ഉന്നയിച്ചത് . ഈ പ്രതിഷേധത്തിൽ സാമൂഹ്യ പ്രവർത്തകനായ സോനം വാങ്‌ചുക്ക് മുന്നിൽ നിന്നു സജീവമായി പ്രവർത്തിച്ചു.സോനം വാങ്‌ചുക്ക് സ്ഥാപിച്ച SECMOL എന്ന സംഘടനയും, അദ്ദേഹത്തിന്റെ “ഐസ് സ്തൂപ” ആശയവും മുമ്പേ ലഡാക്കിൽ വളരെയധികം പ്രശസ്തിയേറിയവയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ നടത്തിയ “ക്ലൈമറ്റ് ഫാസ്റ്റ് ” പോലെയുള്ള സമരങ്ങൾ രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെട്ടു. ഭരണകൂടത്തോട് ഉള്ള ഈ നിലപാട്, അദ്ദേഹത്തിന്റെ അറസ്റ്റിലേയ്ക്ക് പോലും നയിച്ചു, അതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായി. ചില മേഖലകളിൽ സംഘർഷത്തിലേക്കും എത്തി. രാഷ്ട്രീയതലത്തിൽ,ജമിയാങ് സെറിംഗ് നംഗ്യാൽ എന്ന ലോക്സഭാ എംപിയും ലഡാക്കിന്റെ പ്രശ്നങ്ങൾ രാഷ്ട്രീയ തലത്തിൽ ഉയർത്തുന്ന പ്രധാന വ്യക്തിയാണ്. ലഡാക്ക് ഇന്ന് പൂർണ്ണമായും ഒരു മാറ്റത്തിനായി കാത്തുനിൽക്കുന്ന പ്രദേശമായി മാറിയിരിക്കുന്നു.

ഇന്ത്യയുടെ ലിറ്റിൽ ടിബറ്റ്

ലഡാക്കിനെ “ലിറ്റിൽ ടിബറ്റ്” എന്ന് വിളിക്കപ്പെടുന്നത് അതിന്റെ സംസ്കാരപരമായ സമാനതകൾ കൊണ്ടാണ്. ടിബറ്റൻ ബുദ്ധമതത്തിന്റെ ശക്തമായ സ്വാധീനം ലഡാക്കിൽ കാണാം. ബുദ്ധവിഹാരങ്ങളും, പ്രാർത്ഥനചക്രങ്ങളും, ഫെസ്റ്റിവലുകളുമൊക്കെ ഈ പ്രദേശത്തെ ടിബറ്റിനോട് സാമ്യമുള്ളതാക്കുന്നു. കൂടാതെ, ഇവിടെ താമസിക്കുന്ന ലഡാക്കി ജനതയുടെ ഭാഷയും ജീവിതശൈലിയുമൊക്കെ ടിബറ്റിന്റെ പ്രതിഫലനമാണ്. ഈ സംസ്കാരപരവും ഭൂമിശാസ്ത്രപരവുമായ ബന്ധമാണ് ലഡാക്കിന് “ലിറ്റിൽ ടിബറ്റ്” അഥവാ “ഛോട്ടാ ടിബറ്റ്” എന്ന പേര് ലഭിക്കാൻ കാരണം.
ലഡാക്ക് ഇന്ത്യയുടെ ഭൂപടത്തിൽ ചെറിയൊരു പ്രദേശമായിരിക്കാം , പക്ഷേ അതിന്റെ പ്രാധാന്യം വളരെ വലുതാണ്. സൈനികമായി, സാംസ്കാരികമായി, പ്രകൃതിസംരക്ഷണത്തിലും ലഡാക്ക് വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ഇന്ത്യയുടെ അതിരുകൾ കാത്തുനിൽക്കുന്ന സ്ഥലമായും, നദികളുടെ ഉത്ഭവസ്ഥാനമായും, സഞ്ചാരികളുടെ ആകർഷണകേന്ദ്രമായും, ബുദ്ധമതത്തിന്റെ പാരമ്പര്യവും ലഡാക്കിനെ ഇന്ത്യയുടെ അഭിമാനഭാഗമാക്കുന്നു.

ലഡാക്ക് ജമ്മുകശ്മീരിന്റെ ഭാഗമാണോ ?

അല്ല ലഡാക്ക് ഇപ്പോൾ ജമ്മു കശ്മീരിന്റെ ഭാഗമല്ല. 2019 ഓഗസ്റ്റ് 5-ന്, ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കംചെയ്തതു . ഇതോടെ ജമ്മുകശ്മീർ എന്നും ലഡാക്ക് എന്നും രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീർ വിഭജിക്കപ്പെട്ടു.

ലഡാക്ക് സന്ദർശിക്കാൻ പ്രത്യേക അനുമതി വേണോ ?

ചില അതിർത്തി പ്രദേശങ്ങൾ (പാംഗോങ്, നുബ്ര) സന്ദർശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. ഇതിന് ലേഹിൽ നിന്ന് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

ലഡാക്ക് എവിടെയാണ് ?

ഇന്ത്യയുടെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഉയർന്ന പർവത പ്രദേശമാണ് ലഡാക്ക്.

എന്തുകൊണ്ടാണ് ലഡാക്ക് ‘ലിറ്റിൽ ടിബറ്റ് ’ എന്നറിയപ്പെടുന്നത് ?

ലഡാക്കിന്റെ സംസ്കാരവും, മതപരമായ രീതികളും, ജീവിതശൈലിയും എല്ലാം ടിബറ്റിലെ രീതികളുമായി ഏറെ സാമ്യമുണ്ട് . ടിബറ്റൻ ബുദ്ധമതം, ഭക്ഷണശൈലി, വസ്ത്രധാരണശൈലി എന്നിവയും ലഡാക്ക് , ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടാൻ കാരണമാണ് .

ലഡാക്കിലേക്ക് എങ്ങനെ പോവാം ?

വിമാനമാർഗം: ലേഹിലേക്ക് നേരിട്ട് വിമാനങ്ങൾ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നുണ്ട്.
റോഡ് മാർഗം: മനാലി-ലേഹ് ഹൈവേ, ശ്രീനഗർ-ലേഹ് ഹൈവേ എന്നിവ വഴിയും ലഡാക്കിലെത്താം (മെയ്-ഒക്‌ടോബർ വരെ മാത്രം).

ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏത് ?

ലഡാക്കിലെ കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളമാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം.

എന്താണ് ആർട്ടിക്കിൾ 370 , ആർട്ടിക്കിൾ 35 A ?

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകിയ ഇന്ത്യൻ ഭരണഘടനയിലെ ഒരു വ്യവസ്ഥയായിരുന്നു ആർട്ടിക്കിൾ 370. ഇത് പ്രകാരം ജമ്മുകാശ്മീരിനു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാളും ചില പരിഗണനകൾ ലഭിച്ചു . 1954-ൽ രാഷ്ട്രപതി നൽകിയ ഒരു പ്രത്യേക ഉത്തരവിലൂടെയാണ് ആർട്ടിക്കിൾ 35A ഭരണഘടനയിൽ ചേർത്തത്. ഇത് ജമ്മുകശ്മീരിലെ സ്ഥിരതാമസക്കാർക്ക് മാത്രം ചില പ്രത്യേക അവകാശങ്ങൾ നൽകി . എന്നാൽ 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തു ഇതോടെ ആർട്ടിക്കിൾ 35 A അസാധുവായി .

ഇന്ത്യയിലെ ഏക ശീതമരുഭൂമി ഏത് ?

ലഡാക്ക് ആണ് ഇന്ത്യയിലെ ഒരേയൊരു ശീതമരുഭൂമി . ഇവിടെ ശരാശരി വർഷത്തിൽ ഏകദേശം 100 മില്ലിമീറ്റർ മാത്രം മഴയാണ് ലഭിക്കുന്നത് , അതും മഞ്ഞുവീഴ്ചയുടെ രൂപത്തിലാണ് കൂടുതലും.

Blog Page Contact