- സൂര്യനും സൂര്യപ്രകാശവും ഭൂമിയിൽ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ! സൂര്യപ്രകാശമില്ലെങ്കിൽ സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കില്ല, അതുവഴിയുള്ള ഊർജോൽപ്പാദനവും ഭക്ഷ്യോൽപ്പാദനവും അസാധ്യമാകും; നമുക്ക് കഴിക്കാനുള്ള ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയൊന്നും ഉൽപ്പാദിപ്പിക്കപ്പെടില്ല. മാത്രമല്ല, സൂര്യപ്രകാശമില്ലെങ്കിൽ ഭൂമിയിൽ ജീവിവർഗത്തിന്റെയും സസ്യവർഗത്തിന്റെയും അതിജീവനം സാധ്യമല്ല.
- സൂര്യപ്രകാശം ഏറ്റവും ഉപകാരിയും ചിലപ്പോൾ ഉപദ്രവകാരിയുമാണ്! എന്താണ് സൂര്യപ്രകാശം കൊണ്ടുള്ള ഉപദ്രവം? സ്കിൻ കാൻസർ, ഫോട്ടോഏജിങ്, ഫോട്ടോസെൻസിറ്റീവ് റിയാക്ഷൻസ്, സൂര്യാഘാതം എന്നിങ്ങനെ നിരവധി രോഗങ്ങൾ! ഇത്തരം രോഗങ്ങൾക്കു കാരണം സൂര്യപ്രകാശത്തിലുള്ള അൾട്രാവയലറ്റ് പോലുള്ള കിരണങ്ങളാണ്. ഇവ ഭൂമിയിലെത്തുന്നത് തടയാൻ ഭൂമിതന്നെ ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ട് അതാണ് ഓസോൺപാളി.
- ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോൺ വാതകത്താൽ നിർമ്മിതമായ ഒരു പാളിയാണ് ഓസോൺപാളി. അന്തരീക്ഷ പാളികളിലൊന്നായ സ്ട്രാറ്റോസ്ഫിയറിലാണ് ഇത് കാണുന്നത്. സൂര്യനിൽനിന്നു വരുന്ന വളരെ അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയിലെത്താതെ തടഞ്ഞുനിർത്തിയാണ് ഓസോൺപാളി ഭൂമിയെയും നമ്മെയും സംരക്ഷിക്കുന്നത്.
Xylem Learning — PSC ബാച്ച് & പ്രായോഗിക കറന്റ് അഫെയർ
പരീക്ഷാ വിജയത്തിന് സമഗ്രമായ മാർഗരേഖ: കോഴ്‌സ്, ഡെയിലി കറന്റ് അഫെയർ, മോക് ടെസ്റ്റുകൾ, വ്യക്തിഗത മാർഗനിർദേശം. ഫ്രീ ഡെമോ ലഭ്യമാണ്.
* പരിമിത സീറ്റുകൾ — ഇപ്പോൾ രജിസ്റ്റർ ചെയ്ത് ആദ്യ പാഠഭാഗം ഫ്രീ ആയി നേടൂ.
ഓസോൺ (O3) രൂപീകരണം
ഓസോൺ (O3) രൂപീകരണം
- ജർമ്മൻ രസതന്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഫ്രെഡറിക് ഷോൺബെയ്നാണ് 1840 ൽ ഓസോൺവാതകം കണ്ടെത്തിയത്. ഗ്രീക്ക് ഭാഷയിൽ മണമുള്ള എന്നർഥം വരുന്ന “ഒസീൻ” എന്ന വാക്കിൽനിന്നാണ് അദ്ദേഹം ഓസോൺ എന്ന പേരുനൽകിയത്.
- ഫ്രഞ്ച് ശാസ്തജ്ഞരായ ചാൾസ് ഫാബ്രിയും ഹെൻറി ബുയ്സണും ചേർന്നാണ് 1913ൽ ഓസോൺപാളി കണ്ടെത്തിയത്.
ഘട്ടം 1 – ഓക്സിജൻ തന്മാത്രയുടെ വിഭജനം
-
- അന്തരീക്ഷത്തിലെ ഓക്സിജൻ തന്മാത്രകൾ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ വിഭജിക്കപ്പെടുന്നു. ഓരോ ഓക്സിജൻ തന്മാത്രയും രണ്ട് സ്വതന്ത്ര ഓക്സിജൻ ആറ്റങ്ങളായി മാറുന്നു.
O2 → O + O
ഘട്ടം 2: ഓസോൺ തന്മാത്രയുടെ രൂപീകരണം
- ഇത്തരത്തിൽ രൂപംകൊണ്ട സ്വതന്ത്ര ഓക്സിജൻ ആറ്റങ്ങൾ മറ്റ് ഓക്സിജൻ തന്മാത്രയുമായി കൂടിച്ചേർന്ന് ഓസോൺ തന്മാത്രയായി മാറുന്നു.
- ഈ പ്രക്രിയ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ പാളിയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു.
ഓസോൺപാളിയുടെ പ്രധാന ധർമങ്ങൾ
- അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണം: സൂര്യനിൽ നിന്നു വരുന്ന അൾട്രാവയലറ്റ്-ബി (UV-B) രശ്മികൾ വളരെ അപകടകാരികളാണ്. ഓസോൺപാളി ഈ രശ്മികളെ കൂടുതലും ആഗിരണം ചെയ്യുന്നു.
- ആരോഗ്യസംരക്ഷണം: ഓസോൺ പാളി ദുർബലമായാൽ കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തും. ഇത് മനുഷ്യരിൽ രോഗങ്ങളുണ്ടാക്കുകയും രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു.
- പരിസ്ഥിതിസംരക്ഷണം: ഓസോൺപാളി കരയിലെയും സമുദ്രത്തിലെയും ആവാസവ്യവസ്ഥയെ അൾട്രാവയലറ്റ് കിരണങ്ങളിൽനിന്നു സംരക്ഷിക്കുന്നു.
- കാലാവസ്ഥാനിയന്ത്രണം: ഓസോൺ പാളി അന്തരീക്ഷത്തിലെ താപനിലയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഓസോൺപാളിയുടെ ശോഷണം
- മനുഷ്യനിർമ്മിതമായ ചില രാസവസ്തുക്കളുടെ അന്തരീക്ഷത്തിലേക്കുള്ള വ്യാപനം കാരണമാണ് പ്രധാനമായും ഓസോൺ പാളിയുടെ ശോഷണമുണ്ടാകുന്നത്. എന്നാൽ പ്രകൃതിദത്തമായ ചില കാരണങ്ങളും ഓസോൺപാളിയുടെ ശോഷണത്തിന് കാരണമാകാറുണ്ട്. മനുഷ്യനിർമ്മിതമായ രാസവസ്തുക്കൾ ഉണ്ടാക്കുന്ന നാശത്തെ അപേക്ഷിച്ച് ഇത് വളരെ ചെറിയ അളവിലാണ്.
Xylem Learning — PSC ബാച്ച് & പ്രായോഗിക കറന്റ് അഫെയർ
പരീക്ഷാ വിജയത്തിന് സമഗ്രമായ മാർഗരേഖ: കോഴ്‌സ്, ഡെയിലി കറന്റ് അഫെയർ, മോക് ടെസ്റ്റുകൾ, വ്യക്തിഗത മാർഗനിർദേശം. ഫ്രീ ഡെമോ ലഭ്യമാണ്.
* പരിമിത സീറ്റുകൾ — ഇപ്പോൾ രജിസ്റ്റർ ചെയ്ത് ആദ്യ പാഠഭാഗം ഫ്രീ ആയി നേടൂ.
ഓസോൺപാളിക്ക് ക്ഷയം സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ
ക്ലോറോഫ്ലൂറോകാർബൺ (Chlorofluorocarbons – CFCs)
- ഓസോൺപാളിയുടെ നാശത്തിന് ഏറ്റവും വലിയ കാരണം CFCs ആണ്. റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, എയ്റോസോൾ സ്പ്രേകൾ, ചിലതരം ഫോം ഉൽപ്പാദനങ്ങൾക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.
- ഈ വാതകങ്ങൾ അന്തരീക്ഷത്തിന്റെ മുകളിലത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിൽ എത്തുകയും, അവിടെവച്ച് സൂര്യപ്രകാശത്തിലെ തീവ്രമായ അൾട്രാവയലറ്റ് രശ്മികളുമായി പ്രവർത്തിച്ച് ക്ലോറിൻ ആറ്റങ്ങളെ പുറത്തുവിടുകയും ചെയ്യുന്നു. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു ക്ലോറിൻ ആറ്റത്തിന് ലക്ഷക്കണക്കിന് ഓസോൺ തന്മാത്രകളെ നശിപ്പിക്കാൻ കഴിയും.
- ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ (Hydrochlorofluorocarbons – HCFCs)
- CFC-കൾക്ക് പകരമായി ഉപയോഗിക്കാൻ തുടങ്ങിയ രാസവസ്തുക്കളാണ് HCFCs. ഇവ CFC-കളെ അപേക്ഷിച്ച് ഓസോൺ പാളിക്ക് ദോഷകരമല്ലാത്തവയാണെങ്കിലും, പൂർണമായും സുരക്ഷിതമല്ല. ഇവയും ഓസോൺപാളിയുടെ നാശത്തിന് കാരണമാകുന്നുണ്ട്.
- ഹാലോണുകൾ (Halons)
- തീയണയ്ക്കാൻ ഉപയോഗിക്കുന്ന ഫയർ എക്സ്റ്റിംഗ്വിഷറുകളിൽ ഇവ ഉപയോഗിച്ചിരുന്നു. ഈ രാസവസ്തുക്കളിൽ ബ്രോമിൻ അടങ്ങിയിരിക്കുന്നു. ബ്രോമിൻ ആറ്റങ്ങൾക്ക് ക്ലോറിൻ ആറ്റങ്ങളേക്കാൾ കൂടുതൽ ഓസോൺ തന്മാത്രകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
- മറ്റു രാസവസ്തുക്കൾ
- കാർബൺ ടെട്രാക്ലോറൈഡ്, മീഥൈൽ ക്ലോറോഫോം തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഓസോൺപാളിക്ക് ദോഷകരമാണ്.
- ക്ലോറിനെ പോലെത്തന്നെ ബ്രോമിൻ അടങ്ങിയ രാസവസ്തുക്കളും ഓസോൺപാളിക്ക് ദോഷകരമാണ്.
- അന്തരീക്ഷത്തിലെ നൈട്രജൻ ഓക്സൈഡുകളും ഓസോൺപാളിക്ക് നാശമുണ്ടാക്കാറുണ്ട്.
- പ്രകൃതിദത്തമായ കാരണങ്ങൾ
- അഗ്നിപർവതസ്ഫോടനങ്ങൾ പോലുള്ള പ്രകൃതിജന്യ പ്രതിഭാസങ്ങൾ താൽക്കാലികമായി ഓസോൺപാളിക്ക് നാശമുണ്ടാക്കാറുണ്ട്.
ഓസോൺപാളി ശോഷണത്തിന്റെ പ്രത്യാഘാതങ്ങൾ
- മനുഷ്യരുടെ ആരോഗ്യപ്രശ്നങ്ങൾ: ഓസോൺപാളി ദുർബലമാകുമ്പോൾ, കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തും. ഇത് മനുഷ്യരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
- ത്വക്ക് കാൻസർ: അൾട്രാവയലറ്റ് രശ്മികൾ ചർമ്മകോശങ്ങളിലെ DNA-ക്ക് കേടുപാടുകൾ വരുത്തുകയും അത് ത്വക്ക് കാൻസറിന് കാരണമാവുകയും ചെയ്യുന്നു.
- നേത്രരോഗങ്ങൾ: നേത്ര ലെൻസിന് നാശമുണ്ടാക്കി തിമിരം പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
- പ്രതിരോധശേഷി കുറയുന്നു: മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നതിനും ഇത് കാരണമാകുന്നു.
- ജൈവവൈവിധ്യത്തിന് ഭീഷണി: ഓസോൺപാളി ശോഷണം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നു.
- സസ്യങ്ങൾ: പല സസ്യങ്ങളുടെയും വളർച്ച മുരടിക്കാൻ അൾട്രാവയലറ്റ് രശ്മികൾ കാരണമാകും. ഇത് കാർഷികവിളകളുടെ ഉൽപ്പാദനം കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്നു.
- സമുദ്രജീവികൾ: സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ അടിസ്ഥാനമായ ഫൈറ്റോപ്ലാങ്ക്ടണിനെ (Phytoplankton) UV രശ്മികൾ നശിപ്പിക്കുന്നു. ഇത് സമുദ്രത്തിലെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
- കാലാവസ്ഥാവ്യതിയാനം: ഓസോൺപാളി ശോഷണത്തിന് കാരണമാകുന്ന രാസവസ്തുക്കളിൽ പലതും ശക്തമായ ഹരിതഗൃഹവാതകങ്ങൾ കൂടിയാണ്. അതിനാൽ ഇവയുടെ സാന്നിധ്യം അന്തരീക്ഷതാപനില വർധിപ്പിക്കാനും ആഗോളതാപനത്തിന് ആക്കം കൂട്ടാനും കാരണമാകുന്നു.
മോൺട്രിയൽ പ്രോട്ടോകോൾ (1987)
- ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോൺപാളിക്ക് നാശമുണ്ടാക്കുന്ന രാസവസ്തുക്കളായ CFCs, HCFCs, ഹാലോണുകൾ, കാർബൺ ടെട്രാക്ലോറൈഡ്, മീഥൈൽ ബ്രോമൈഡ് എന്നിവയുടെ ഉൽപ്പാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിർത്തലാക്കുക എന്ന ലക്ഷ്യം വച്ച് 1987-ൽ രൂപീകരിച്ച ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് മോൺട്രിയൽ പ്രോട്ടോകോൾ.
- 1970-കളിൽ ശാസ്ത്രജ്ഞർ ക്ലോറോഫ്ലൂറോകാർബണുകൾ പോലുള്ള ചില മനുഷ്യനിർമ്മിത രാസവസ്തുക്കൾ ഓസോൺപാളിയെ നശിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ, ഓസോൺപാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി 1985-ൽ വിയന്ന കൺവെൻഷൻ നിലവിൽവന്നു. ഇതിന്റെ തുടർച്ചയായാണ് 1987 സെപ്തംബർ 16-ന് കാനഡയിലെ മോൺട്രിയലിൽ വച്ച് ഓസോൺ പാളിക്ക് ദോഷകരമായ പദാർഥങ്ങളെ സംബന്ധിച്ച് മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ചത്. ഈ ഉടമ്പടിയെ ആദരിച്ചുകൊണ്ടാണ് എല്ലാ വർഷവും സെപ്തംബർ 16 അന്താരാഷ്ട്ര ഓസോൺദിനമായി ആചരിക്കുന്നത്.
- ഈ കരാറിന്റെ ഫലമായി, അന്തരീക്ഷത്തിലെ ഓസോൺ നശീകരണ രാസവസ്തുക്കളുടെ അളവ് ഗണ്യമായി കുറഞ്ഞു. ശാസ്ത്രീയ പഠനങ്ങളനുസരിച്ച്, ഓസോൺപാളി പതിയെ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തുന്നുണ്ട്.
കിഗാലി ഭേദഗതി (Kigali Amendment)
- മോൺട്രിയൽ പ്രോട്ടോകോളിന്റെ മറ്റൊരു പ്രധാന ഭാഗമാണ് 2016-ൽ അംഗീകരിച്ച കിഗാലി ഭേദഗതി. ഓസോൺപാളിക്ക് ദോഷകരമല്ലാത്ത, എന്നാൽ ശക്തമായ ഹരിതഗൃഹ വാതകങ്ങളായ ഹൈഡ്രോഫ്ലൂറോകാർബണുകളുടെ (HFCs) ഉപയോഗം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
- ഓസോൺദിനം, ഭൂമിയുടെ സുരക്ഷയ്ക്കായി കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു. ഓരോ വ്യക്തിയും പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും ഊർജ ഉപഭോഗം കുറച്ചും ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്. വരും തലമുറകൾക്കായി സുരക്ഷിതമായ ഒരു ഭൂമി കെട്ടിപ്പടുക്കാൻ ഈ പ്രതിബദ്ധത അനിവാര്യമാണ്.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺ (O3)കാണപ്പെടുന്ന ഒരു ഭാഗമാണ് ഓസോൺ പാളി . സൂര്യനിൽ നിന്നും ഉള്ള അൾട്രാവയലറ്റ് കിരണങ്ങളെ ഭൂമിയിലേക്ക് എത്താതെ തടഞ്ഞു നിർത്തുന്നത് ഈ പാളിയാണ് .
സ്ട്രാറ്റോസ്ഫിയറിൻ്റെ താഴെയായി ഏകദേശം 10 മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലായി ഓസോൺപാളി സ്‌ഥിതി ചെയ്യുന്നു .
ഓസോൺ പാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും നിരോധിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് മോൺട്രിയൽ പ്രോട്ടോക്കോൾ.
1987 സെപ്റ്റംബർ 16 നാണ് മോൺട്രിയൽ പ്രോട്ടോക്കോൾ അംഗീകരിച്ചത് .
1989 ജനുവരി 1 മുതൽ മോൺട്രിയൽ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വന്നു.
1992 June 19 ലാണ് ഇന്ത്യ മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പു വെച്ചത്
ഓസോൺ വാതകത്തിനു നീലനിറമാണ് അതുകൊണ്ടുതന്നെ ഓസോൺ കൂടുതലായി കാണപ്പെടുന്ന ഓസോൺ പാളിക്ക് ഇളം നീല നിറം ആണ് .
1913 ൽ ഫ്രഞ്ച് ശാസ്ത്രജ്ഞരായ ചാൾസ് ഫാബ്രി (Charles Fabry) യും ഹെൻറി ബ്യൂസൺ (Henri Buisson) ആണ് ഓസോൺപാളി കണ്ടെത്തിയത് .
ഡോബ്സൺ യൂണിറ്റ് (Dobson Unit – DU) ഉപയോഗിച്ചാണ് ഓസോൺ പാളിയുടെ കനം അളക്കുന്നത് .